ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്ത ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന് ഒരുങ്ങാൻ അണികളോട് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ ആഹ്വാനം. ഹിന്ദി പൊതുഭാഷയാക്കാനുള്ള നീക്കം ചെറുക്കാൻ ഇതിൽ അതൃപ്തിയുള്ള എല്ലാ സംസ്ഥാനങ്ങളെയും ഒപ്പംകൂട്ടി ഡി.എം.കെ. രംഗത്തിറങ്ങും. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ജനങ്ങളെ തമ്മിലടിപ്പിക്കാനും ഭിന്നിപ്പിക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂ. ജനങ്ങൾക്കുമേൽ ഹിന്ദി അടിച്ചേൽപ്പിക്കുന്ന നീക്കം ചെറുക്കാൻ ഡി.എം.കെ. എന്തും ബലികൊടുക്കാൻ തയ്യാറാണ്. തിരുവണ്ണാമലയിൽ മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ ജന്മവാർഷികച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.

ഇന്ത്യയിൽ 1652 വ്യത്യസ്ത പ്രാദേശികഭാഷകൾ സംസാരിക്കുന്നവരുണ്ട്. എന്നാൽ, ഭൂരിഭാഗത്തിന്റെ സംസാരഭാഷ ഹിന്ദിയാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം. ഇതിലൂടെ അദ്ദേഹം രാജ്യത്തിന്റെ ഐക്യത്തിന് വെല്ലുവിളി ഉയർത്തുന്ന പ്രസ്താവനയാണ് ഇളക്കിവിട്ടിരിക്കുന്നത്. ജനങ്ങളെ വിഘടിപ്പിക്കാനുള്ള നീക്കംനടത്തുന്നവരെ പാഠം പഠിപ്പിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഹിന്ദിവിരുദ്ധ പ്രതിഷേധപ്രകടനങ്ങൾ നടത്താൻ ഡി.എം.കെ. ഉന്നതതലയോഗത്തിൽ തീരുമാനിച്ചു. ആദ്യഘട്ടസമരമാണിതെന്നും ഇതിനുശേഷവും കേന്ദ്രസർക്കാർ നയം മാറ്റിയില്ലെങ്കിൽ സഖ്യകക്ഷികളുമായി ചേർന്ന് പ്രക്ഷോഭം ആരംഭിക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.

1965-ലാണ് ഡി.എം.കെ.യുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഹിന്ദിവിരുദ്ധപ്രക്ഷോഭം നടന്നത്. ഇതിൽ 70-ഓളം പേർ മരിക്കുകയും പതിനായിരക്കണക്കിന് വിദ്യാർഥികൾ അറസ്റ്റിലാവുകയുംചെയ്തു. കലാലയങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. അന്ന് സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുണ്ടായിരുന്നത് കോൺഗ്രസായിരുന്നു. തമിഴകത്ത് കോൺഗ്രസിന്റെ ബലക്ഷയത്തിന് പ്രധാനകാരണമായതും ഹിന്ദിവിരുദ്ധ പ്രക്ഷോഭമായിരുന്നു. ഹിന്ദിയുടെപേരിൽ ജവഹർ നവോദയ വിദ്യാലയങ്ങൾക്ക് പ്രവർത്തനാനുമതി നൽകാത്ത ഏക സംസ്ഥാനംകൂടിയാണ് തമിഴ്‌നാട്.

content highlights: stalin anti hindi agitation,dmk, tamil nadu