ബെംഗളൂരു: വീടിനുമുന്നില്‍ പുകവലിച്ചത് ചോദ്യം ചെയ്ത യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു. ബെംഗളൂരു അശോക് നഗറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. അശോക് നഗര്‍ ബി സ്ട്രീറ്റില്‍ ഹരീഷാണ് (32) കൊല്ലപ്പെട്ടത്.

വീടിനുമുന്നില്‍ കൂട്ടംകൂടി ശബ്ദമുണ്ടാക്കുകയും പുകവലിക്കുകയും ചെയ്തത് ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ശബ്ദംകേട്ട് പുറത്തിറങ്ങിയ ഹരീഷ് വീടിനുമുന്നില്‍ നിന്നുമാറി പുകവലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ശക്തമായ വാക്കേറ്റമുണ്ടാകുകയും നാലംഗ സംഘം പോവുകയും ചെയ്തു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആയുധവുമായി മടങ്ങിയെത്തിയ സംഘം വീടിന് പുറത്തുനില്‍ക്കുകയായിരുന്ന ഹരീഷിനെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

മാതാപിതാക്കള്‍ ഹരീഷിനെ സ്വകാര്യാസ്​പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ആരേയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അശോക് നഗര്‍ പോലീസ്‌ േകസെടുത്തു.