ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമീ ക്ഷേത്രവുമായി ബന്ധപ്പെട്ട ഹർജികളിലെ അന്തിമവാദം ചൊവ്വാഴ്ച സുപ്രീംകോടതിയിൽ നടക്കും. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദിരാ ബാനർജി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ക്ഷേത്രം സംസ്ഥാനസർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രതിനിധികൾ നൽകിയ ഹർജികളിൽ 2011 മുതൽ സുപ്രീംകോടതി വാദംകേട്ടുവരികയാണ്. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി, 2011 മുതൽ ഒട്ടേറെ ഇടക്കാല ഉത്തരവുകളും നിർദേശങ്ങളും ഇറക്കിയിരുന്നു.

ഇക്കഴിഞ്ഞ നവംബർ 14-നാണ് ഹർജികൾ അന്തിമവാദത്തിനായി മാറ്റിയത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇതിനിടെയുണ്ടാകുന്ന വിഷയങ്ങളിൽ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിക്കു തീരുമാനമെടുക്കാമെന്നും അന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുസംബന്ധിച്ച് രാജകുടുംബവുമായി ചർച്ച നടത്തി നിലപാടറിയിക്കാൻ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തോട് 2017-ൽ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

ബി നിലവറ തുറക്കാത്തത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉള്ളതുകൊണ്ടാണെന്നാണ് രാജകുടുംബം വാദിച്ചത്. നേരത്തേ ഒമ്പതുതവണ നിലവറ തുറന്നിട്ടുണ്ടെന്ന് മുൻ സി.എ.ജി. വിനോദ് റായിയുടെ റിപ്പോർട്ടിലുണ്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചിരുന്നു. തുടർന്ന്, ക്ഷേത്രത്തിന്റെ വരവുചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ഫിനാൻഷ്യൽ കൺട്രോളറെ നിയമിക്കാനും കോടതി ഉത്തരവിടുകയുണ്ടായി.

ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് ശാശ്വതപരിഹാരം നിയമനിർമാണമാണെന്നും ഗുരുവായൂർ മാതൃകയിൽ ബോർഡിനു രൂപംനൽകാൻ തയ്യാറാണെന്നും സംസ്ഥാനസർക്കാർ നേരത്തേ കോടതിയെ അറിയിച്ചിട്ടുണ്ട്.

Content Highlights: Sripadmanabha Swami Temple Case Final Hearing today in Supreme Court