ചെന്നൈ: വൈദ്യുതക്കമ്പികളിൽകൂടി അണ്ണാൻ ഓടുന്നതുകാരണമാണ് തമിഴ്‌നാട്ടിൽ പതിവായി വൈദ്യുതി മുടങ്ങുന്നതെന്ന മന്ത്രി വി. സെന്തിൽ ബാലാജിയുടെ പരാമർശം ട്രോളുകളിൽ നിറയുന്നു.

‘‘ചില സ്ഥലങ്ങളിൽ പവർ കേബിളിൽ അണ്ണാൻ ഓടിനടക്കുന്നതിനാൽ രണ്ടു വൈദ്യുതക്കമ്പികൾ തമ്മിൽ കൂട്ടിയുരസുന്നു. മരത്തിന്റെ ശാഖകൾ കേബിളിൽ ഉരസുന്നതും വൈദ്യുതിത്തടസ്സത്തിനു കാരണമാകുന്നു’’ -വൈദ്യുതിമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ പരാമർശമാണ് സാമൂഹികമാധ്യമങ്ങളിൽ പരിഹസിക്കപ്പെടുന്നത്.

ട്വിറ്ററിൽ പരിഹസിച്ച് രംഗത്തെത്തിയവരിൽ പി.എം.കെ. സ്ഥാപകനേതാവ് ഡോ. രാമദാസും ഉൾപ്പെടും. എ.ഐ.എ.ഡി.എം.കെ. സഖ്യകക്ഷിയാണ് പി.എം.കെ. ‘‘ഇപ്പോൾ ചെന്നൈയിൽ വൈദ്യുതി മുടങ്ങുന്നതിനുള്ള കാരണമറിഞ്ഞപ്പോൾ അദ്‌ഭുതം തോന്നുന്നു. ചെന്നൈയിൽ അണ്ണാൻ മണ്ണിനടിയിലൂടെയായിരിക്കുമോ ഓടുന്നത്’’ -രാമദാസ് പരിഹസിച്ചു.

‘‘അണ്ണാൻ ഓടുന്നതുമൂലം വൈദ്യുതിക്കമ്പികൾ തമ്മിൽ ഉരസുന്നു. എന്തൊരു വൈദ്യുതിമന്ത്രി, എന്തൊരു ശാസ്ത്രം’’ -രാമദാസ് ട്വിറ്ററിൽ കുറിച്ചു. ഒട്ടേറെപ്പേർ സാമൂഹികമാധ്യമങ്ങളിൽ മന്ത്രിയുടെ വാദത്തെ ചോദ്യംചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.