ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും മക്കളും ഉന്നത കോൺഗ്രസ് നേതാക്കളുമായ രാഹുലിനും പ്രിയങ്കയ്ക്കും കുടുംബാംഗങ്ങൾക്കുമുള്ള സ്പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്.പി.ജി.) സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചു. മൂവർക്കും ഇനി സി.ആർ.പി.എഫിന്റെ സെഡ്പ്ലസ് സുരക്ഷമാത്രമേ ഉണ്ടാകൂ. ഇതോടെ, രാജ്യത്ത് എസ്.പി.ജി. സുരക്ഷയുള്ള ഒരേയൊരാൾ പ്രധാനമന്ത്രി മാത്രമായി. ഓഗസ്റ്റിൽ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സുരക്ഷാച്ചുമതലയിൽനിന്ന് എസ്.പി.ജി.യെ പിൻവലിച്ചിരുന്നു.

സോണിയയ്ക്കും കുടുംബാംഗങ്ങൾക്കും 28 വർഷമായി നൽകിവരുന്ന സുരക്ഷയാണ്‌ പിൻവലിച്ചത്. 1991-ൽ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോഴാണ് ഇവരെ എസ്.പി.ജി. സുരക്ഷയുള്ള വി.വി.ഐ.പി പട്ടികയിലുൾപ്പെടുത്തിയത്.

വ്യക്തിവിദ്വേഷം തീർക്കുന്ന നിലയിലേക്ക് ബി.ജെ.പി. തരംതാണതായി കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ആരോപിച്ചു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടിയ പട്ടേൽ, ഇവരുടെ കുടുംബാംഗങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയാണ് കേന്ദ്രമെന്ന് കുറ്റപ്പെടുത്തി. സ്വന്തം സുരക്ഷാഭടന്മാരാൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് 1985-ൽ രൂപവത്കരിച്ചതാണ് എസ്.പി.ജി. 1988-ൽ എസ്.പി.ജി. നിയമവും പാർലമെന്റ് പാസാക്കി. പ്രധാനമന്ത്രിക്കും മുൻപ്രധാനമന്ത്രിമാർക്കും പ്രത്യേക സുരക്ഷ എന്നായിരുന്നു വ്യവസ്ഥ. 1991-ൽ ഈ നിയമത്തിൽ ഭേദഗതി വരുത്തിയാണ് സോണിയയ്ക്കും മക്കൾക്കും സുരക്ഷയേർപ്പെടുത്തിയത്.

സെഡ്പ്ലസ് ഇങ്ങനെ

രാജ്യത്തെ ഏറ്റവും ഉയർന്ന തലത്തിലുള്ള സുരക്ഷാസന്നാഹമാണ് എസ്.പി.ജി. വിദഗ്ധപരിശീലനം നേടിയ സുരക്ഷാഭടന്മാരാണ് കാവലിനുണ്ടാവുക. ഇവരുടെ പക്കൽ അത്യാധുനിക ആയുധങ്ങളുമുണ്ടാവും. ആധുനിക ആശയവിനിമയശൃംഖലയുള്ള വാഹനങ്ങളുടെ അകമ്പടി, മൊബൈൽ ജാമർ, ആംബുലൻസ് എന്നിവയുമുൾപ്പെടുന്നതാണ് എസ്.പി.ജി. സുരക്ഷാവ്യൂഹം.

സെഡ്പ്ലസ് സുരക്ഷപ്രകാരം നൂറോളം സി.ആർ.പി.എഫ്. ഭടന്മാരുടെ കാവലുണ്ടാവും. സുരക്ഷ ലഭിക്കുന്നവരുടെ വീടുകളിലും അവർ പോകുന്നിടത്തുമൊക്കെ ഇവർക്കാണ് കാവൽച്ചുമതല. രഹസ്യാന്വേഷണവിഭാഗം നൽകുന്ന വിവരങ്ങളനുസരിച്ച് ആവശ്യമെങ്കിൽ ആധുനിക സംവിധാനങ്ങളുള്ള അകമ്പടി വാഹനങ്ങളും നൽകും.

content highlights: spg security of sonia gandhi, rahul gandhi and priyanka gandhi withdrawed