ന്യൂഡല്‍ഹി: രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കാന്‍ പ്രത്യേകകോടതികള്‍ രൂപവത്കരിക്കുന്നു. ആറാഴ്ചയ്ക്കകം ഇതിനായി പദ്ധതി തയ്യാറാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. എത്ര ഫണ്ട് ഇതിനായി നീക്കിവെക്കുമെന്നറിയിക്കാന്‍ ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, നവീന്‍ സിന്‍ഹ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.

ഇത്തരം കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന് 2014-ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. അന്നത്തെ കണക്കുപ്രകാരം എം.എല്‍.എ.മാരും എം.പി.മാരുമായ 1581 പേര്‍ ക്രിമിനല്‍ കേസ് നേരിടുന്നുണ്ട്. ഇതില്‍ എത്ര കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കിയെന്ന് അറിയിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. എത്രപേര്‍ ശിക്ഷിക്കപ്പെട്ടു എന്നതും 2014 മുതല്‍ എത്ര രാഷ്ട്രീയക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നതും അറിയിക്കണം. നിലവില്‍ എം.പി.യോ എം.എല്‍.എ.യോ ആയിരിക്കുന്നവര്‍ നേരിടുന്ന കേസുകളുടെ അവസ്ഥയെന്താണെന്നും കോടതി ചോദിച്ചു.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അഡ്വ. അശ്വിനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. ഹര്‍ജിയിലെ ഒരു ആവശ്യമായിരുന്നു പ്രത്യേക കോടതി സ്ഥാപിക്കണമെന്നത്.

ഇതിനോട് സുപ്രീംകോടതി യോജിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആത്മാറാം നാദ്കാര്‍ണിയും അറിയിച്ചു.

രാഷ്ട്രീയക്കാരുടെ കേസുകള്‍ക്കുള്ള പ്രത്യേക കോടതികളിലെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, സ്റ്റാഫ്, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ എങ്ങനെയായിരിക്കണമെന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ആജീവനാന്തവിലക്കേര്‍പ്പെടുത്തുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു. വിലക്ക് ഏര്‍പ്പെടുത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ലോ കമ്മിഷന്റെയും ശുപാര്‍ശയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. വിവിധ മാനങ്ങളുള്ള വിഷയമായതിനാല്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.

ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചവര്‍ക്ക് ആറുവര്‍ഷത്തെ വിലക്കാണ് നിലവിലുള്ളത്. ശിക്ഷിക്കപ്പെട്ടാല്‍ ആജീവനാന്ത വിലക്ക് വേണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

കേസ് ഇനി ഡിസംബര്‍ 13-ന് പരിഗണിക്കും.