ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കംബോഡിയാ സന്ദർശനത്തിനു പിന്നാലെ സ്പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ(എസ്.പി.ജി.) സംരക്ഷണമുള്ളവർക്ക് വിദേശയാത്രയിലും അംഗരക്ഷകർ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. 

സംരക്ഷണം ലഭിക്കുന്നവർ ഇതു നിരാകരിച്ചാൽ സുരക്ഷയെക്കരുതി വിദേശയാത്ര അനുവദിക്കാതിരിക്കാനാണ് നീക്കം. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബാംഗങ്ങളെന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കാണ് എസ്.പി.ജി. സംരക്ഷണമുള്ളത്. ഗാന്ധികുടുംബാംഗങ്ങൾ വിദേശത്തെത്തിക്കഴിഞ്ഞാൽ എസ്.പി.ജി. ഭടന്മാരെ തിരിച്ചയച്ച് തങ്ങളുടെ സ്വകാര്യ സന്ദർശനങ്ങൾ നടത്താറാണ് പതിവ്. ഇത്തരം സ്വകാര്യസന്ദർശനങ്ങളും നിരീക്ഷിക്കാനാണ് വിദേശയാത്രയിലും അംഗരക്ഷകരെ നിർബന്ധമാക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികളിൽനിന്ന് ആരോപണമുയർന്നു.

വ്യക്തികളുടെ സ്വകാര്യ ജീവിതവും സ്വാതന്ത്ര്യവും രാഷ്ട്രീയജീവിതവും രണ്ടായിക്കരുതി ബഹുമാനിക്കുന്ന നിലപാടാണ് ഇന്ത്യയുടെ ജനാധിപത്യ ശീലമെന്ന് കോൺഗ്രസ് ദേശീയ സെക്രട്ടറി പ്രണവ് ഝാ പറഞ്ഞു. ചില നേതാക്കളുടെ സ്വകാര്യസന്ദർശനങ്ങൾ സ്ഥാപനങ്ങളെ ദുരുപയോഗംചെയ്ത് വെളിപ്പെടുത്തുന്നതും വിവാദമുണ്ടാക്കുന്നതും നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 11 മുതൽ രാഹുലിന്റെ ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുപ്രചാരണം തീരുമാനിച്ചതായി സൂചനയുണ്ടായിരുന്നു. അതിനു മുന്നോടിയായി ശനിയാഴ്ച രാഹുൽ കംബോഡിയയിലേക്ക് തിരിച്ചതോടെ അദ്ദേഹം പ്രചാരണത്തിനുണ്ടാവില്ലെന്ന അഭ്യൂഹമുയർന്നു. പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം പുറത്തുവന്നത്.

രാഹുലിന്റെ വിദേശയാത്രകളിൽ ദുരൂഹത സൃഷ്ടിച്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യാനാണ് എസ്.പി.ജി. സുരക്ഷാച്ചട്ടങ്ങളിൽ ഇപ്പോൾ മാറ്റം വരുത്തിയതെന്ന് ഒരു കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. രാഹുലിന്റെ വ്യക്തിജീവിതം നിരീക്ഷിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിലവിലുള്ള നിയമം കർശനമായി നടപ്പാക്കുന്നു എന്നേയുള്ളൂ എന്നാണ് എസ്.പി.ജി. വൃത്തങ്ങളുടെ വിശദീകരണം. ഗാന്ധികുടുംബങ്ങളുടെ കൃത്യമായ സുരക്ഷ മുൻനിർത്തിയാണ് സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും അവർ പറഞ്ഞു.

തീരുമാനം ഗാന്ധികുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നാണറിയുന്നത്. ഇതോടെ വിദേശ സന്ദർശനങ്ങളുടെയെല്ലാം വിശദവിവരങ്ങൾ ഗാന്ധികുടുംബാംഗങ്ങൾ എസ്.പി.ജി.ക്ക് നേരത്തേ കൈമാറേണ്ടിവരും.

Content Highlights: Sonia Rahul Priyanka SPG