ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പില്‍ സമവായത്തിന്റെ പേരില്‍ ഗ്രൂപ്പ് വീതംവെപ്പ് അനുവദിക്കില്ലെന്ന് കേന്ദ്രനേതൃത്വം. കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള റിട്ടേണിങ് ഓഫീസര്‍ സുദര്‍ശന്‍ നാച്ചിയപ്പന് ഇതുസംബന്ധിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് അതോറിറ്റി കര്‍ശനനിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും അറിവോടെയാണ് അതോറിറ്റിയുടെ നിര്‍ദേശം.

തമിഴ്‌നാടടക്കം മിക്ക സംസ്ഥാനങ്ങളിലും നിശ്ചയിച്ചക്രമത്തില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ തിരഞ്ഞെടുപ്പ് വൈകുകയാണ്. ഇതില്‍ അതോറിറ്റി അതൃപ്തി പ്രകടിപ്പിച്ചു. സമവായത്തിന് സംസ്ഥാനനേതാക്കള്‍ ശ്രമം നടത്തുന്നതിനാലാണ് തിരഞ്ഞെടുപ്പ് വൈകുന്നതെന്ന് സുദര്‍ശന്‍ നാച്ചിയപ്പന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയെ അറിയിച്ചു.

സെപ്റ്റംബര്‍ 30-നകം മണ്ഡ!ലം, ബ്ലോക്ക്, ഡി.സി.സി. തലത്തിലുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. റിട്ടേണിങ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. സമവായമാണെങ്കില്‍ അക്കാര്യത്തില്‍ വിവിധ നേതാക്കളുടെ അഭിപ്രായം തേടണം. കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍, പാര്‍ട്ടി എം.പി.മാര്‍ എം.എല്‍.എ.മാര്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ചചെയ്യണം. സമവായം അടിച്ചേല്‍പ്പിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും ചെയര്‍മാന്‍ നല്‍കി. 24-ന് കേരളത്തില്‍ വീണ്ടുമെത്തുന്ന റിട്ടേണിങ് ഓഫീസറോട് ജില്ലാതലം വരെയുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷം മടങ്ങിയാല്‍ മതിയെന്നും ചെയര്‍മാന്‍ നിര്‍ദേശിച്ചു.

യുവാക്കള്‍ക്കും വനിതകള്‍ക്കും 30 ശതമാനം പ്രാതിനിധ്യം, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമുള്ള പ്രാതിനിധ്യം എന്നിവ ഉറപ്പുവരുത്തണം. മികച്ച പ്രതിച്ഛായയുള്ളവരെയും സമകാലികവിഷയങ്ങള്‍ ശക്തമായി ഉയര്‍ത്താന്‍ ശേഷിയുള്ളവരെയും ഭാരവാഹികളാക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷയും ഉപാധ്യക്ഷനും നിര്‍ദേശം നല്‍കിയതായും തിരഞ്ഞെടുപ്പ് അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

ഒക്ടോബര്‍ മൂന്നിന് മുഴുവന്‍ സംസ്ഥാന റിട്ടേണിങ് ഓഫീസര്‍മാരുടെയും യോഗവും ഡല്‍ഹിയില്‍ വിളിച്ചിട്ടുണ്ട്. പി.സി.സി. തിരഞ്ഞെടുപ്പുകളും എ.ഐ.സി.സി. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പുകളും പൂര്‍ത്തിയാക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനാണിത്.

ഒക്ടോബര്‍ 31-നകം രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും

ന്യൂഡല്‍ഹി:
എ.ഐ.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് അടക്കമുള്ള സംഘടനാതിരഞ്ഞെടുപ്പ് പ്രക്രിയ ഒക്ടോബര്‍ 31-നുമുമ്പ് പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു. സംഘടനാതിരഞ്ഞെടുപ്പിലൂടെ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് എത്തുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി അധ്യക്ഷപദം ഏറ്റെടുക്കും.