ഔറംഗബാദ്: മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് പിന്തുണ നൽകുന്നതിനുപകരമായി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയിൽനിന്ന്‌ ചില കാര്യങ്ങളിൽ ഉറപ്പ് എഴുതിവാങ്ങിയതായി കോൺഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചവാൻ വെളിപ്പെടുത്തി. ഭരണഘടനയുടെ പ്രഖ്യാപിതലക്ഷ്യങ്ങൾക്കുള്ളിൽനിന്നുമാത്രമേ സർക്കാർ പ്രവർത്തിക്കുകയുള്ളൂവെന്ന ഉറപ്പാണ് സോണിയ ഉദ്ധവിൽനിന്നും എഴുതിവാങ്ങിയതെന്ന് ചവാൻ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കുന്നതിന് ശിവസേനയ്ക്ക് പിന്തുണ നൽകുന്നതിനോട് ആദ്യം സോണിയാഗാന്ധിക്ക് എതിർപ്പുണ്ടായിരുന്നു. ശിവസേനയുമായി ധാരണ ഉണ്ടാക്കുകയാണെങ്കിൽ ഭരണഘടന വിഭാവനംചെയ്യുന്ന ലക്ഷ്യങ്ങൾക്കുള്ളിൽനിന്നുമാത്രമേ സർക്കാർ പ്രവർത്തിക്കുകയുള്ളൂവെന്ന ഉറപ്പ് ഉദ്ധവിൽനിന്ന് എഴുതിവാങ്ങണമെന്ന് കോൺഗ്രസിന്റെ സംസ്ഥാനനേതൃത്വത്തോട് സോണിയ നിർദേശിക്കുകയായിരുന്നു.

നന്ദേഡിൽ സംഘടിപ്പിച്ച പാർട്ടി യോഗത്തിലായിരുന്നു ചവാന്റെ വെളിപ്പെടുത്തൽ. അശോക് ചവാന്റെ വെളിപ്പെടുത്തലിൽ ശിവസേനയുടെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ടെന്ന് ബി.ജെ.പി. നേതാവും മുൻമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.

Content Highlights: Sonia Gandhi had given clear guidelines that the state government must work within the frame of Constitution