ന്യൂഡൽഹി: ഭരണപക്ഷത്തു ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ താരപരിവേഷം കൂടി വരവേ അദ്ദേഹത്തിനു പ്രശംസയുമായി പ്രതിപക്ഷവും. വ്യാഴാഴ്ച ലോക്‌സഭയിലെ ചോദ്യോത്തരവേളയ്ക്കിടെ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി തന്നെ ഗഡ്കരിയെ അഭിനന്ദിച്ചു.

ഉപരിതല ഗതാഗതമന്ത്രാലയവുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി നൽകവേ ഗഡ്കരി നടത്തിയ പരാമർശമാണ് സഭയുടെ പൊതു അഭിനന്ദനത്തിൽ കലാശിച്ചത്. “ രാഷ്ട്രീയത്തിന് അതീതമായി എല്ലാ എം.പി.മാരും അവരുടെ മണ്ഡലങ്ങളിലൊക്കെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നിട്ടുള്ളതിനാൽ എന്റെ മന്ത്രാലയത്തെ അഭിനന്ദിക്കുന്നു” എന്നായിരുന്നു ഗഡ്കരിയുടെ പരാമർശം. ഗതാഗതമന്ത്രാലയം ചെയ്തിട്ടുള്ള അതിശയിപ്പിക്കുന്ന പ്രവർത്തനങ്ങളെ സഭ അഭിനന്ദിക്കണമെന്ന്‌ സ്പീക്കർ സുമിത്ര മഹാജനും അഭിപ്രായപ്പെട്ടു.

ഗഡ്കരിയുടെ മറുപടി ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന സോണിയാ ഗാന്ധി ഭരണപക്ഷ ബെഞ്ചിനു നേരെ പുഞ്ചിരിച്ചു കൊണ്ടു ഡെസ്കിലടിച്ച് അഭിനന്ദനമറിയിച്ചു. ഇതു കണ്ടു ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയടക്കമുള്ളവരും ഡെസ്കിലടിച്ച് അഭിനന്ദനം അറിയിച്ചു.

കഴിഞ്ഞവർഷം റായ്ബറേലിയിൽ ചെയ്ത മികച്ച പ്രവർത്തനങ്ങൾക്കു ഗഡ്കരിക്ക് നന്ദി അറിയിച്ചു സോണിയ കത്തയച്ചതു വലിയ വാർത്തയായിരുന്നു. കുടുംബത്തെ നന്നായി നോക്കുന്നവർക്കേ രാജ്യത്തെ മികച്ച നിലയിൽ മുന്നോട്ടു കൊണ്ടുപോകാനാവൂവെന്നു ഗഡ്കരി അഭിപ്രായപ്പെട്ടപ്പോൾ ബി.ജെ.പി.യിൽ നട്ടെല്ലുള്ള നേതാവ് അദ്ദേഹമാണെന്ന്‌ അടുത്തിടെ രാഹുൽ ഗാന്ധി പ്രശംസിച്ചിരുന്നു.

Content Highlights: Sonia Gandhi Leads Table Thumps In Parliament To Appreciate Nitin Gadkari