ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വിമർശിക്കുന്ന ജി.-23 നേതാക്കളെ പ്രവർത്തക സമിതി യോഗത്തിൽ പരോക്ഷമായി വിമർശിച്ച് അധ്യക്ഷ സോണിയാ ഗാന്ധി.

താൻ പ്രവർത്തിക്കുന്ന, മുഴുവൻസമയ കോൺഗ്രസ് അധ്യക്ഷയാണെന്നും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന നേതാവാണെന്നും ആമുഖപ്രസംഗത്തിൽ സോണിയ പറഞ്ഞു. “എല്ലായ്‌പ്പോഴും തുറന്ന സമീപനത്തെ അംഗീകരിച്ച ആളാണ് ഞാൻ. എന്നോട് മാധ്യമങ്ങളിലൂടെ സംസാരിക്കേണ്ട കാര്യമില്ല, നേരിട്ടാവാം”- അവർ പറഞ്ഞു.

പാർട്ടിയുടെ സമഗ്രമാറ്റത്തിനുള്ള സംഘടനാ തിരഞ്ഞെടുപ്പിന് ആത്മനിയന്ത്രണവും അച്ചടക്കവും ആവശ്യമാണെന്നും സോണിയ പറഞ്ഞു. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നീളുന്നതിനെതിരേ പരസ്യ പ്രതികരണം ജി-23 നേതാക്കൾ തുടരുന്ന പശ്ചാത്തലത്തിലാണ് സോണിയയുടെ പരാമർശമെങ്കിലും യോഗത്തിൽ ആരും അതിനെ ചോദ്യം ചെയ്തില്ല.

എല്ലാവരും ഒറ്റക്കെട്ടാണെങ്കിൽ, അച്ചടക്കത്തോടെ, പാർട്ടി താത്‌പര്യംമാത്രം ലക്ഷ്യമിട്ടു പ്രവർത്തിച്ചാൽ നന്നായി ചെയ്യാനാവും. 2019 മുതൽ പ്രവർത്തക സമിതി ആവശ്യപ്പെട്ടതു മുതൽ ഇടക്കാലാധ്യക്ഷയാണ് എന്ന കാര്യം തനിക്കറിയാം. 2020 ജൂൺ 30-നകം പൂർണസമയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ മാർഗരേഖയുണ്ടാക്കി. പിന്നാലെ കോവിഡ് രണ്ടാം തരംഗം വന്നതോടെയാണ് ഇത് അനിശ്ചിതകാലത്തേക്ക് മാറ്റിയതെന്ന് സോണിയ പറഞ്ഞു.

കഴിഞ്ഞ രണ്ടുവർഷം ഒട്ടേറെ പ്രവർത്തനങ്ങൾ അധ്യക്ഷ എന്ന നിലയിൽ നടത്തിയതായും സോണിയ പറഞ്ഞു. ഡോ. മൻമോഹൻ സിങ്ങിനും രാഹുൽഗാന്ധിക്കും ഒപ്പം താനും പ്രധാനമന്ത്രിയുടെ ശ്രദ്ധയിലേക്ക് വിഷയങ്ങൾ കൊണ്ടുവന്നു. ദേശീയ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സംയുക്ത പ്രസ്താവനകൾ പുറപ്പെടുവിക്കുകയും പാർലമെന്റിൽ തന്ത്രങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തതായും സോണിയ ചൂണ്ടിക്കാട്ടി.

സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ നേതാക്കൾക്ക് യാതൊരു സംശയവുമില്ലെന്നും എല്ലാവർക്കും സ്വീകാര്യയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.