ന്യൂഡൽഹി : സാമൂഹികമാധ്യമങ്ങൾക്ക് ഇന്ത്യയിൽ ബിസിനസ് ചെയ്യാമെന്നും എന്നാൽ, അവർ ഇന്ത്യയുടെ ഭരണഘടനയെയും നിയമങ്ങളെയും പാലിക്കണമെന്നും നിയമമന്ത്രി രവിശങ്കർ പ്രസാദ്. മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ, അത് ഉത്തരവാദിത്വമുള്ളതായിരിക്കണമെന്നും വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ. സാമൂഹികമാധ്യമങ്ങൾക്ക് നിയന്ത്രണത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിക്കൊണ്ട് നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രിമാർ ഇങ്ങനെ പ്രതികരിച്ചത്.

ഇന്റർനെറ്റ് മൗലികാവകാശമല്ല. രാജ്യത്തെ നിയമങ്ങൾക്ക് ബാധകമായാണ് പ്രവർത്തിക്കേണ്ടത്. സാമൂഹികമാധ്യമങ്ങളെ ചോദ്യംചോദിക്കുന്നതിനും വിമർശിക്കുന്നതിനും ഉപയോഗിക്കാം. സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിക്കാം. എന്നാൽ, അവ ഇന്ത്യയുടെ ഭരണഘടനയെയും നിയമങ്ങളെയും അനുസരിക്കണമെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.

സാമൂഹികമാധ്യമങ്ങൾ ദുരുപയോഗംചെയ്യുന്ന പ്രവണത അടുത്ത കാലത്തായി വർധിച്ചിരിക്കുകയാണെന്നും ഒട്ടേറെ പരാതികൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു. പത്രങ്ങൾക്ക് പ്രസ് കൗൺസിലും ടെലിവിഷൻ മാധ്യമങ്ങൾക്ക് കേബിൾ ടി.വി. നെറ്റ് വർക്ക് റെഗുലേഷൻ ചട്ടവും സിനിമയ്ക്ക് സെൻസർ ബോർഡും ഉണ്ട്. എന്നാൽ, സാമൂഹികമാധ്യമങ്ങൾക്കും ഒ.ടി.ടി. പ്ലാറ്റ് ഫോമിനും നിയന്ത്രണ സംവിധാനങ്ങളില്ലെന്നും അതുകൊണ്ടാണ് മാർഗനിർദേശങ്ങൾ കൊണ്ടുവന്നതെന്നും മന്ത്രി പ്രകാശ് ജാവഡേക്കർ അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ 53 കോടി വാട്‌സാപ്പ് ഉപയോക്താക്കൾ

ഇന്ത്യയിൽ 53 കോടി വാട്‌സാപ്പ് ഉപയോക്താക്കളുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ കണക്ക്. 44.8 കോടിയാണ് യൂട്യൂബിനുള്ള ഉപയോക്താക്കൾ. ഫെയ്‌സ്ബുക്കിന് 41 കോടിയും ഇൻസ്റ്റാഗ്രാമിന് 21 കോടിയും ട്വിറ്ററിന് 1.75 കോടിയുമാണ് ഉപയോക്താക്കളുള്ളത്.

Content Highlights: Social Media Ravi Shankar Prasad