ന്യൂഡൽഹി: പരാതി സ്വീകരിക്കാനും പരിഹരിക്കാനും സാമൂഹിക മാധ്യമങ്ങൾ ഗ്രീവൻസ് ഓഫീസറെ നിയമിച്ച് അവരുടെ പേരും വിലാസവും നൽകണമെന്ന് ഉള്ളടക്കത്തെ നിയന്ത്രിക്കാൻ കേന്ദ്രം തയ്യാറാക്കിയ ചട്ടം ശുപാർശചെയ്യുന്നു. ഈ ഓഫീസർ 24 മണിക്കൂറിനുള്ളിൽ പരാതി സ്വീകരിച്ച് 15 ദിവസത്തിനുള്ളിൽ പരിഹരിക്കണം.

* ഉപയോക്താക്കളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തണം. വ്യക്തികളുടെ സ്വകാര്യഭാഗങ്ങൾ, നഗ്നത, ലൈംഗിക നടപടികൾ, മോർഫ് ചെയ്ത് വ്യാജമായി ചിത്രീകരിച്ച ദൃശ്യങ്ങൾ എന്നിവയടങ്ങിയ ഉള്ളടക്കത്തിന് ഇത് ബാധകമാണ്. ആക്ഷേപത്തിന് ഇരയായ വ്യക്തിക്കോ മറ്റാർക്കെങ്കിലുമോ പരാതിനൽകാം.

പ്രബലമായ സാമൂഹിക മാധ്യമങ്ങൾ അധികമായി സ്വീകരിക്കേണ്ട നടപടികൾ

* ചട്ടങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നടത്തിപ്പ് ഏജൻസികളുമായി ഏകോപനത്തിനും തർക്കപരിഹാര സംവിധാനം നടപ്പാക്കാനും ഓഫീസർമാരെ നിയമിക്കണം. മൂന്ന് പേരും ഇന്ത്യക്കാരായിരിക്കണം.

* പരാതികളും സ്വീകരിച്ച നടപടികളും വ്യക്തമാക്കി സാമൂഹിക മാധ്യമസ്ഥാപനം പ്രതിമാസ റിപ്പോർട്ട് അയക്കണം.

* രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, സുഹൃദ് ബന്ധമുള്ള വിദേശരാജ്യങ്ങൾ, പൊതുക്രമം എന്നിവക്കെതിരായ ഉള്ളടക്കം സംബന്ധിച്ചുള്ള പരാതികളിൽ ഉള്ളടക്കത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കണം. ബലാത്സഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, ലൈംഗിക ദൃശ്യങ്ങൾ, കുട്ടികൾക്കെതിരേയുള്ള ലൈംഗീകാക്രമണത്തിനുള്ള ദൃശ്യങ്ങൾ തുടങ്ങിയ ഉള്ളടക്കം സംബന്ധിച്ച പരാതികളിലും ഈ നിർദേശം ബാധകമായിരിക്കും. ഈ ഉള്ളടക്കങ്ങൾ 36 മണിക്കൂറിനുള്ളിൽ നീക്കണം.

* കോടതി, സർക്കാർ, സർക്കാർ ഏജൻസികൾ എന്നിവർ തടയുന്ന നിയമവിരുദ്ധമായ ഒരു വിവരവും പ്രസിദ്ധീകരിക്കരുത്.

* പ്രബലമായ സാമൂഹിക മാധ്യമങ്ങൾക്ക് ഇന്ത്യയിൽ നേരിട്ട് മേൽവിലാസമുണ്ടായിരിക്കണം.

ഡിജിറ്റൽ മീഡിയക്കും ധാർമികമൂല്യ ചട്ടം

* ഒ.ടി.ടി. പ്ലാറ്റ്‌ഫോം, വാർത്താ പോർട്ടൽ, ഡിജിറ്റൽ മീഡിയ എന്നിവയ്ക്ക് സ്വയംനിയന്ത്രണ സംവിധാനം, കോഡ് ഓഫ് എതിക്‌സ്, മൂന്ന് തലത്തിലുള്ള തർക്കപരിഹാര സംവിധാനം എന്നിവ വേണം.

* ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ വയസ്സിന്റെ അടിസ്ഥാനത്തിൽ സ്വയം വർഗീകരണം നടത്തണം. സിനിമകൾക്ക് സമാനമായി വയസ്സ് അടിസ്ഥാനമാക്കി ഉള്ളടക്കത്തെ അഞ്ച് വിഭാഗങ്ങളായി തരംതിരിക്കണം. യു വിഭാഗം (യൂണിവേഴ്‌സൽ), യു/എ ഏഴു വയസ്സോ അതിൽ കൂടുതലോ പ്രായം, യു/എ 13 വയസ്സോ അതിൽ കൂടുതലോ പ്രായം, യു/എ 16 വയസ്സോ അതിൽ കൂടുതലോ പ്രായം, പ്രായപൂർത്തിയായവർക്കുള്ള എ വിഭാഗം എന്നിങ്ങനെയായിരിക്കണം തരംതിരിവ്. പേരന്റൽ ലോക് സംവിധാനം ഒരുക്കണം.

* പ്രസാധകർക്ക് ഒന്നോ രണ്ടോ സ്വയംനിയന്ത്രണ സമിതികളെ നിയോഗിക്കാം. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ വിരമിച്ച ജഡ്ജിമാരോ ഉന്നത വ്യക്തിത്വങ്ങളോ ആയിരിക്കണം സമിതിയെ നയിക്കേണ്ടത്.

* വാർത്താവിതരണ മന്ത്രാലയം ഒരു മേൽനോട്ട സംവിധാനത്തിന് രൂപംകൊടുക്കും.

Content Highlights: Social Media Guidelines & Rules;  guidelines to be followed on social media