ന്യൂഡൽഹി: രോഗലക്ഷണമുള്ളവർ വീട്ടിൽ അടച്ചിരിക്കുന്നതും സാമൂഹികാകലം പാലിക്കുന്നതും കൊറോണ വൈറസ് വ്യാപനത്തിന്റെ തോതുകുറയ്ക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.). രോഗപ്പകർച്ചയുടെ ഗണിതമാതൃക നിരീക്ഷിച്ചാണ് ഐ.സി.എം.ആർ. ഈ നിഗമനത്തിലെത്തിയത്.
രോഗലക്ഷണമുള്ളവർ പുറത്തിറങ്ങാതെ സ്വയം സമ്പർക്കവിലക്കേർപ്പെടുത്തിയാൽ രോഗപ്പകർച്ച 62 ശതമാനത്തോളം കുറയും. രോഗലക്ഷണവുമായി വിദേശത്തുനിന്നെത്തുന്നവരെ തുടക്കത്തിലേ കണ്ടെത്തിയാൽ രാജ്യത്തു വൈറസെത്തുന്നത് മൂന്നുമുതൽ മൂന്നാഴ്ചവരെ വൈകിപ്പിക്കാം. ആദ്യനാളുകളിൽ കൊറോണ പടർന്നരീതി പരിശോധിച്ചാണ് ഗവേഷകർ ഈ വിലയിരുത്തലിലെത്തിയത്.
ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞരായ മനോജ് മുർഹേകർ, രാമൻ ആർ. ഗംഗാഖേദ്കർ, സ്വരൂപ് സർക്കാർ തുടങ്ങിയവരാണ് പഠനത്തിൽ പങ്കാളികളായത്.
ഒരു സമൂഹത്തിൽ വൈറസെത്തിക്കഴിഞ്ഞാൽ, അതു പടരുന്നതിന്റെ തോതു കുറയ്ക്കാൻ രോഗലക്ഷണമുള്ളവർക്കു സമ്പർക്കവിലക്കേർപ്പെടുത്തുന്നതുതന്നെയാണ് ഉചിതമെന്ന് ഇവർ പറയുന്നു.
Content Highlight: social distancing reduces corona spread by 62 percent