അമേഠി(യു.പി.): അമേഠി ലോക്‌സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബി.ജെ.പി.പ്രവർത്തകൻ അജ്ഞാതരുടെ വെടിയേറ്റുമരിച്ചു. ബറൗലിയ ഗ്രാമത്തിലെ മുൻ ഗ്രാമമുഖ്യൻ സുരേന്ദ്ര സിങ്(50) ആണ് കൊല്ലപ്പെട്ടത്. സ്മൃതിയുടെ വിശ്വസ്തനായ ഇദ്ദേഹം പ്രചാരണപ്രവർത്തനങ്ങളിൽ പങ്കാളിയാകാനാണ്‌ ഗ്രാമമുഖ്യന്റെ പദവിയൊഴിഞ്ഞത്.

ശനിയാഴ്ച രാത്രി 11.30-നാണ് വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന സുരേന്ദ്ര സിങ്ങിനുനേരെ ബൈക്കിലെത്തിയ രണ്ടുപേർ നിറയൊഴിച്ചത്. നെഞ്ചിൽ വെടിയേറ്റ അദ്ദേഹത്തെ ഉടൻതന്നെ ലഖ്നൗവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യുകയാണ്.

രാഹുൽ ഗാന്ധിയുടെ പരാജയത്തിൽ രോഷാകുലരായ കോൺഗ്രസുകാരാണ് കൊലപാതകത്തിനുപിന്നിലെന്ന്‌ ബന്ധുക്കളും ബി.ജെ.പി. നേതാക്കളും ആരോപിച്ചു. പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ടെന്നും 12 മണിക്കൂറിനകം അന്വേഷണം പൂർത്തിയാക്കുമെന്നും ഉത്തർപ്രദേശ് പോലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണോയെന്ന് അന്വേഷണത്തിനുശേഷമേ വ്യക്തമാവൂവെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. വർഷങ്ങളോളം ഗാന്ധികുടുംബത്തിന്റെ സ്ഥിരം തട്ടകമായിരുന്ന അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്‌മൃതി ഇറാനി ഇത്തവണ തോൽപ്പിച്ചത്.

സംഭവമറിഞ്ഞ്‌ മന്ത്രി സ്മൃതി ഇറാനി ഡൽഹിയിൽനിന്ന്‌ അമേഠിയിൽ കുതിച്ചെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അവർ ശവസംസ്കാരച്ചടങ്ങുകളിൽ ഉടനീളം പങ്കെടുത്തു. സുരേന്ദ്രസിങ്ങിന്റെ ശവമഞ്ചം തോളിലേറ്റാൻ ബന്ധുക്കൾക്കും പാർട്ടിപ്രവർത്തകർക്കുമൊപ്പം മന്ത്രിയും കൂടി.

കൊലപാതകികളെ ഉടൻ പിടികൂടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡി.ജി.പി.ക്ക് നിർദേശം നൽകി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മന്ത്രി റീത്ത ബഹുഗുണ ജോഷി തുടങ്ങിയ നേതാക്കളും കൊലപാതകത്തെ അപലപിച്ചു. കുറ്റവാളികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Content Highlights: smriti irani,bjp worker shot dead in amethi