ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങളിലെ മുന്നറിയിപ്പിന്റെ വലിപ്പം 50 ശതമാനമായി ചുരുക്കണമെന്ന് പാര്‍ലമെന്ററി സമിതി. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച 85 ശതമാനം വലിപ്പം വളരെ കടുത്ത നിര്‍ദേശമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. സമിതി നിര്‍ദേശത്തിനെതിരെ എം.പിമാരും, ആരോഗ്യവിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.

മുന്നറിയിപ്പിന്റെ വലിപ്പം 85 ശതമാനമാക്കി ഉയര്‍ത്താന്‍ ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിച്ചിരിക്കുന്ന അവസാന തീയതി ഏപ്രില്‍ ഒന്നാണ്. ഇതിനിടെയാണ് സബോര്‍ഡിനേറ്റ് ലെജിസ്ലേഷനുള്ള പാര്‍ലമെന്ററി സമിതി വലിപ്പം 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് ലോക്‌സഭയില്‍ സമര്‍പ്പിച്ചു.

വലിയ വലിപ്പത്തില്‍ മുന്നറിയിപ്പ് നല്‍കാന്‍ നിര്‍ദേശിക്കുന്നത് അനധികൃത സിഗരറ്റുകള്‍ വ്യാപിക്കുന്നതിന് കാരണമാകുമെന്നും സമിതി റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടു. വന്‍കിട ബീഡി നിര്‍മാതാവ് ശ്യാംചരണ്‍ഗുപ്ത സമിതിയില്‍ ഉള്ളതിനാല്‍ സമിതി റിപ്പോര്‍ട്ടില്‍ ഈ താത്പര്യങ്ങള്‍ പ്രതിഫലിക്കുമെന്ന വാദം സമിതി നിരാകരിച്ചു.

സമിതി ചെയര്‍മാനും ബി.ജെ.പി. എം.പി.യുമായ ദിലീപ് ഗാന്ധി തീരുമാനത്തെ ന്യായീകരിച്ചു. വലിപ്പം നിലവിലുള്ള 40-ല്‍നിന്ന് 50 ശതമാനമാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സമിതി ഈ തരത്തില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണെന്ന് ബി.ജെ.ഡി. എം.പി ജയ് പാണ്ഡ പറഞ്ഞു. രാജ്യത്ത് പ്രതിവര്‍ഷം പത്തുലക്ഷത്തോളം ആളുകള്‍ പുകയിലജന്യരോഗങ്ങള്‍കൊണ്ട് മരിക്കുന്നു. ഇവരില്‍ ഭൂരിപക്ഷവും പാവപ്പെട്ടവരാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.