മുംബൈ: അടുത്ത മൂന്നു മാസത്തിനുള്ളിൽ മെയിൽ, എക്സ്‌പ്രസ് തീവണ്ടികളിൽനിന്ന് സ്ലീപ്പർ ക്ലാസുകൾ അരങ്ങൊഴിഞ്ഞു തുടങ്ങും. പകരം നിരക്ക് കുറഞ്ഞ തേഡ് എ.സി. ക്ലാസ് വരും. ചൂടുകൂടി വരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് കുറഞ്ഞനിരക്കിൽ സുഖയാത്ര നൽകുകയെന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ പുതിയ പദ്ധതി നടപ്പാക്കുന്നത്.

മാസങ്ങൾക്കു മുമ്പുതന്നെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് എ.സി. ഇക്കണോമി ക്ലാസ് കോച്ച് റെയിൽവേ പുറത്തിറക്കിയത്. ഇതിന്റെ പരീക്ഷണയോട്ടവും വിജയകരമായി പൂർത്തിയാക്കി. അടുത്ത മാസങ്ങളിൽ ഇവയുടെ നിർമാണം വർധിപ്പിച്ച് വിവിധ റെയിൽവേ ഡിവിഷനുകൾക്ക് കൈമാറി തുടങ്ങും.

ഏപ്രിൽ അവസാനത്തോടെ ഇത്തരത്തിലുള്ള 20 കോച്ചുകൾ മധ്യ റെയിൽവേക്ക്‌ ലഭിക്കും. മേയ് ആദ്യ വാരത്തിൽ തന്നെ ഇവ തീവണ്ടികളിൽ ഘടിപ്പിച്ചു തുടങ്ങുമെന്നും മധ്യ റെയിൽവേയിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. ഏറെ പ്രത്യേകതകളുമായാണ് പുതിയ എ.സി. കോച്ചുകളെത്തുന്നത്. വൈദ്യുതി പാനലുകൾക്ക് കുറച്ച് സ്ഥലമേ ആവശ്യമുള്ളൂവെന്നതിനാൽ 83 പേർക്ക് ഒരു കോച്ചിൽ യാത്രചെയ്യാൻ കഴിയും. നിലവിൽ സ്ലീപ്പർ ക്ലാസിൽ 72 പേരാണ് യാത്ര ചെയ്യുന്നത്. ഒരു വാതിലിലൂടെ വീൽ ചെയർ കയറ്റാനുള്ള സംവിധാനമുണ്ടാകും. ഒരു ശൗചാലയത്തിനും ഈ സൗകര്യമുണ്ടാകും.

ഓരോ ബർത്തിലും തണുപ്പ് ലഭിക്കാൻ പ്രത്യേക എ.സി. സംവിധാനം, മികച്ച സീറ്റുകളും ബർത്തുകളും ലഘുഭക്ഷണം കഴിക്കാൻ ഇരുവശത്തും മടക്കിവെക്കാവുന്ന ചെറിയ മേശ, മൊബൈൽ ഫോണും വെള്ള കുപ്പികളും പുസ്തകങ്ങളും വെക്കാൻ പ്രത്യേക സംവിധാനം, രാത്രിയിൽ പുസ്തകം വായിക്കാൻ ഓരോ ബർത്തിലും പ്രത്യേകം ലൈറ്റുകളും ചാർജിങ് പോയന്റുകൾ എന്നിവയുമുണ്ടാകും. നടുവിലും മുകളിലുമുള്ള ബർത്തുകളിലേക്ക് പ്രയാസമില്ലാതെ കയറാനുള്ള സംവിധാനവും കൂടുതൽ സ്ഥലസൗകര്യവുമുണ്ട്.

രാജധാനി, തുരന്തോ, ശതാബ്ദി, ജനശതാബ്ദി ട്രെയിനുകൾ ഒഴികെ മറ്റു തീവണ്ടികളിലാണ് നിരക്ക് കുറഞ്ഞ എ.സി. കോച്ചുകൾ ഘടിപ്പിക്കുക. പുതിയത് എൽ.എച്ച്.ബി. കോച്ചുകളായതിനാൽ തത്കാലം ഈ കോച്ചുകളുമായി ഓടുന്ന തീവണ്ടികളിലെ സ്ലീപ്പർ ക്ലാസുകളായിരിക്കും മാറ്റുക.