കാൻപുർ: ഉത്തർപ്രദേശിലെ കാൻപുരിൽ ആറുവയസ്സുള്ള പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീയുൾപ്പെടെ നാലുപേരെ അറസ്റ്റുചെയ്തു. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതാണെന്നും ആഭിചാരത്തിനായി ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ പുറത്തെടുത്തുവെന്നും പോലീസ് പറഞ്ഞു.
കാൻപുരിലെ ഘട്ടംപുർ സ്വദേശികളായ അങ്കുൽ കുരിൽ (20), ബീരാൻ (31), പരശുറാം, ഇയാളുടെ ഭാര്യ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഭാര്യ ഗർഭിണിയാവാൻവേണ്ടി ആഭിചാരകർമം നടത്താനായി ഒരു പെൺകുട്ടിയുടെ ശ്വാസകോശം എത്തിച്ചുനൽകണമെന്ന് പരശുറാം നൽകിയ നിർദേശപ്രകാരമാണ് അങ്കുലും ബീരാനും ചേർന്ന് കൃത്യം നടത്തിയത്.
ദീപാവലി ദിവസമായ ശനിയാഴ്ച രാത്രി പടക്കംവാങ്ങാൻ കടയിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ഇവർ തട്ടിക്കൊണ്ടുപോയി വനത്തിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തശേഷമാണ് ശരീരം കുത്തിക്കീറി ആന്തരികാവയവങ്ങൾ പുറത്തെടുത്തത്. ഇതിനുശേഷം മൃതദേഹം വനത്തിൽ ഉപേക്ഷിച്ച് അവയവങ്ങൾ പരശുറാമിന് കൈമാറി.
1999-ലാണ് വിവാഹിതനായതെന്നും ഇതുവരെയും കുട്ടികൾ ഉണ്ടാവാത്തതിനാലാണ് ആഭിചാരം നടത്താൻ തീരുമാനിച്ചതെന്നും പരശുറാം പോലീസിനു മൊഴിനൽകി. പെൺകുട്ടിയെ കൊലപ്പെടുത്തി ആഭിചാരം നടത്തുന്നതിനെക്കുറിച്ച് ഇയാളുടെ ഭാര്യക്കും അറിവുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇവരെയും അറസ്റ്റുചെയ്തത്.
കേസിന്റെ വിചാരണ അതിവേഗകോടതിയിൽ നടത്തി പ്രതികൾക്കെതിരേ കർശനനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. പെൺകുട്ടിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ സാമ്പത്തികസഹായവും പ്രഖ്യാപിച്ചു.
Content Highlights: Six year old murdered in Kanpur