ന്യൂഡൽഹി: നഗരത്തിൽ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി. രഞ്ജിത് നഗർ ഏരിയയിൽ ശനിയാഴ്ചയാണ് സംഭവം. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയൽപ്രദേശത്തുള്ള ലംഗാറിൽ (സാമൂഹിക അടുക്കള) ഭക്ഷണം കഴിക്കാൻ പോയതായിരുന്നു കുട്ടി. വീട്ടിൽ മടങ്ങിവരുമ്പോൾ രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ പെൺകുട്ടി ഒരാൾക്കൊപ്പം മാർക്കറ്റിലൂടെ സഞ്ചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെയടിസ്ഥാനത്തിൽ നടപടിയെടുക്കാൻ പോലീസ് നീക്കം തുടങ്ങി. എന്നാൽ, ബലാത്സംഗം ചെയ്തയാളെ ഇതുവരെയും പോലീസിനു കണ്ടെത്താനായിട്ടില്ല.

ദിവസക്കൂലിക്കാരനാണ് പെൺകുട്ടിയുടെ അച്ഛൻ. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ പോലീസിനു നോട്ടീസയച്ചു.

ഏതാനും ദിവസങ്ങൾക്കുമുമ്പ് പതിനഞ്ചുകാരി തെക്കൻ ഡൽഹിയിലെ കോട്‌ല മുബാറക്പുരിൽ പീഡനത്തിനിരയായിരുന്നു. സംഭവത്തിൽ കുറ്റവാളിയെ അറസ്റ്റു ചെയ്തു. ഇതിന്റെ പ്രതിഷേധം അവസാനിക്കുമ്പോഴാണ് ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായ നടുക്കുന്ന സംഭവം. അടുത്തിടെ ദളിത് പെൺകുട്ടിയെ ശ്മശാനം താന്ത്രികൻ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

content highlights: six year old girl raped in delhi