ന്യൂഡൽഹി: അയോധ്യാഭൂമിതർക്കകേസിലെ വിധിക്കെതിരേ ആറ്‌ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതിയിൽ. മൗലാന മുഫ്തി ഹസ്ബുള്ള, മുഹമ്മദ് ഉമർ, മൗലാന മഹ്ഫൂസുർ റഹ്മാൻ, മിസ്സാഹ്ബുദ്ദീൻ, ഹാജി നഹബൂബ് എന്നിവർ അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ (എ.ഐ.എം.പി.എൽ.ബി.) പിന്തുണയോടെ ഹർജി നൽകി. മുഹമ്മദ് അയൂബാണ് ഹർജികൊടുത്ത ആറാമൻ.

നവംബർ അഞ്ചിനാണ് അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം പണിയാമെന്ന് സുപ്രീംകോടതി വിധിച്ചത്. മുസ്‌ലിങ്ങൾക്കു പള്ളിപണിയാൻ അഞ്ചേക്കർ ഭൂമി കണ്ടെത്തിനൽകണമെന്നും അഞ്ചംഗ ഭരണഘടനാബെഞ്ച് വിധിച്ചു.

രാജ്യത്തെ സമാധാനം തകർക്കാനല്ല, ആ സമാധാനം നീതിക്ക് പ്രോത്സാഹകമാകണമെന്ന ഉദ്ദേശ്യത്തോടെയാണ് പുനഃപരിശോധനാ ഹർജി നൽകുന്നതെന്ന് ഹർജികളിലൊന്നിൽ പറയുന്നു. നീതിക്കായുള്ള ആഗ്രഹത്താലാണ് ഹർജി നൽകുന്നതെന്നും പറയുന്നുണ്ട്. അഭിഭാഷകനായ എം.ആർ. ഷംഷാദ് വഴിയാണ് ഹർജികൾ നിൽകിയിരിക്കുന്നത്.

വിധിക്കെതിരേ ഡിസംബർ രണ്ടിനാണ് ആദ്യ പുനഃപരിശോധന ഹർജി കോടതിയിലെത്തിയത്. ജമിയത് ഉലമ ഇ ഹിന്ദാണ് അന്ന് ഹർജി നൽകിയത്. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡും പുനഃപരിശോധനാ ഹർജി നൽകാനുള്ള ഒരുക്കത്തിലാണ്.

Six review pleas filed in Supreme Court against Ayodhya land verdict