ചെന്നൈ/കോയമ്പത്തൂർ/തിരുവനന്തപുരം: വേളാങ്കണ്ണി പെരുന്നാളിനിടെ ആക്രമണം നടത്താനുള്ള പദ്ധതിയുമായി ഒരു പാകിസ്താൻകാരനും അഞ്ച് ശ്രീലങ്കൻ തമിഴ് വംശജരുമുൾപ്പെടെ ആറു ലഷ്‌കറെ തൊയ്ബ ഭീകരർ കോയമ്പത്തൂരിലെത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്.

ശ്രീലങ്കയിൽനിന്ന് ബോട്ടുമാർഗം തമിഴ്‌നാട്ടിലെത്തിയ സംഘത്തെ ഓഗസ്ത് 21-ന് കോയമ്പത്തൂരിലെത്തിയതായാണ് വിവരം. തൃശ്ശൂർ സ്വദേശിയായ മലയാളിയാണ് സംഘത്തെ എത്തിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

ഇതേത്തുടർന്ന് തമിഴ്നാട്ടിലും കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. കോയമ്പത്തൂർ നഗരം കനത്ത സുരക്ഷാവലയത്തിലാണ്. ദേശീയ അന്വേഷണ എജൻസി (എൻ.ഐ.എ.)യുടെ സംഘവും പ്രത്യേകാന്വേഷണം നടത്തുന്നുണ്ട്.

വേളാങ്കണ്ണി പള്ളി പരിസരത്തിന് പുറമെ, ഊട്ടി വെല്ലിങ്ടണിലെ കരസേന കാര്യാലയം, കോയമ്പത്തൂരിലെ വ്യോമതാവളം, ശബരിമല ക്ഷേത്രം എന്നിവയും ലക്ഷ്യംവെക്കുന്നതായും റിപ്പോർട്ടുണ്ട്.

ശ്രീലങ്ക വഴിയാണ് ഭീകരർ തമിഴ്‌നാട്ടിൽ എത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഘത്തിലുള്ള പാക് പൗരന്റെ പേര് ഇല്യാസ് അൻവർ എന്നാണെന്നാണ് വിവരം. ഇവരുടെ സഹായത്തിനെത്തിയ മലയാളിയുടെ ഫോട്ടോ രഹസ്യാന്വേഷണസംഘം തമിഴ്നാട്-കേരള പോലീസിന് കൈമാറിയിട്ടുണ്ട്.

നേരത്തേ ബഹ്റൈനിലായിരുന്ന ഇയാൾ വിദേശത്തെ വിലാസത്തിലും കേരളത്തിലെ വിലാസത്തിലും കുറച്ചായി എത്തിയിട്ടില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളുടെ ഫോട്ടോ ഉപയോഗിച്ചാണ് പോലീസ് പൊതുയിടങ്ങളിൽ അന്വേഷണം നടത്തുന്നത്. തൃശ്ശൂരിലെ വീട്ടിലെത്തി പോലീസ് വിവരങ്ങൾ ശേഖരിച്ചു.

ഫോട്ടോ ഇതുവരെ പോലീസ് പരസ്യപ്പെടുത്തിയിട്ടില്ല. ഭീകരർ കോയമ്പത്തൂരിലെത്തിയെന്ന വാർത്തയ്ക്കൊപ്പം സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം തെറ്റാണെന്നും യഥാർഥചിത്രം പോലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്നും ഉന്നതാധികാരികൾ പറഞ്ഞു.

കുറിയും ഭസ്മവുമൊക്കെ തൊട്ട് വേഷംമാറിയാണ് സംഘം കോയമ്പത്തൂരിലുള്ളത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും പറയുന്നു. ഇരു സംസ്ഥാനങ്ങളിലെയും എല്ലാ പോലീസ് കമ്മിഷണർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്. തീരദേശ ജില്ലകളിലും നിരീക്ഷണം നടത്തുന്നുണ്ട്.

വ്യാഴാഴ്ച രാത്രി മുതൽതന്നെ പോലീസ് കോയമ്പത്തൂർ നഗരത്തിൽ പരിശോധന തുടങ്ങി. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനും കൂടിയാലോചനകൾക്കുമായി തമിഴ്നാട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ജയന്ത് മുരളി കോയമ്പത്തൂരിലെത്തി. സജ്ജമായി നിൽക്കാൻ നാവിക-വ്യോമസേനകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മേഖലയിലെ എട്ട് ജില്ലകളിലായി എണ്ണായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ശ്രീലങ്കയിൽ സ്ഫോടനംനടത്തിയ ചാവേറുമായി സാമൂഹികമാധ്യമം വഴി ബന്ധപ്പെട്ടതിനും ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൻറെ(ഐ.എസ്.) ആശയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനും കോയമ്പത്തൂരിൽനിന്ന് രണ്ടുപേരെ ജൂണിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ വേറെ മൂന്നുപേരെ തമിഴ്നാട് പോലീസും അറസ്റ്റുചെയ്തിരുന്നു.

ജാഗ്രത മതി; പരിഭ്രമം വേണ്ട

ചെന്നൈ/തിരുവനന്തപുരം: ലഷ്കർ ഭീകരർ നുഴഞ്ഞുകയറിയെന്ന റിപ്പോർട്ടിനെത്തുടർന്ന് കേരളത്തിലും തമിഴ്നാട്ടിലും പോലീസ് ശക്തമായ പരിശോധന നടത്തുന്നുണ്ടെന്ന് പോലീസ് മേധാവിമാർ അറിയിച്ചു. എന്നാൽ, ആശങ്കപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടെന്നും ജാഗ്രത പുലർത്തിയാൽ മാത്രം മതിയെന്നും തമിഴ്നാട് ഡി.ജി.പി. ജെ.കെ. ത്രിപാഠിയും കേരള ഡി.ജി.പി. ലോക്നാഥ് ബെഹ്‌റയും അറിയിച്ചു.

കോയമ്പത്തൂരിൽ പത്ത്‌ കമ്പനി ദ്രുതകർമസേനയെ നിയോഗിച്ചിട്ടുണ്ടെന്നു കോയമ്പത്തൂർ സിറ്റി പോലീസ് കമ്മിഷണർ സുമിത് ഷാരൺ അറിയിച്ചു. വാഹനങ്ങൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. വെള്ളിയാഴ്ച ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കും സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ചെന്നൈയിലും മുൻകരുതൽ നടപടികളെടുത്തിട്ടുണ്ടെന്ന് ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ എ.കെ. വിശ്വനാഥൻ പറഞ്ഞു.

മധുര മീനാക്ഷി, രാമേശ്വരം, തിരുവണ്ണാമലൈ ക്ഷേത്രങ്ങൾക്ക് സുരക്ഷ ശക്തിപ്പെടുത്തി. വേളാങ്കണ്ണി പള്ളിക്കു ചുറ്റുമായി കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചു. ഒരു പാകിസ്താൻ സ്വദേശിയുണ്ടെന്നല്ലാതെ മറ്റുള്ളവർ ഏത് രാജ്യത്തുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നു ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു.

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കർശനമാക്കി. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ (0471 2722500) അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

content highlights: six lashkar terrorists reaches Coimbatore says reports