മുംബൈ: മദ്രസകളിലെ അറബിക്, ഉറുദു പഠന മാധ്യമ സമ്പ്രദായം നിരോധിച്ച് പകരം ഇംഗ്‌ളീഷും ഹിന്ദിയുമാക്കണമെന്ന് ശിവസേന മുഖപത്രമായ സാമ്‌ന. ബ്രിട്ടനില്‍ കുടിയേറി സ്ഥിരം താമസവിസക്കര്‍ഹരായ എല്ലാവരും ഇംഗ്‌ളീഷ് ഭാഷ നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നിര്‍ദേശം ചുവടുപിടിച്ചാണ് ശിവസേന മുഖപ്രസംഗത്തിലൂടെ പുതിയ ഭാഷാവിലക്കിന് ആവശ്യപ്പെട്ടത്.
 
ഇംഗ്‌ളീഷ് സംസാരിക്കാനാകാത്ത ബ്രിട്ടീഷ് കുടിയേറ്റക്കാരുടെ ബന്ധുക്കള്‍ക്ക് മടങ്ങേണ്ടിവരുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഒട്ടേറെ നിക്ഷേപങ്ങള്‍ വരുത്തുന്നതില്‍ വിജയിക്കുന്നുണ്ട്. പക്ഷേ, രാജ്യത്തിനകത്തെ ശത്രുക്കളെ നേരിടാന്‍ ഇവര്‍ക്ക് ധൈര്യം ലഭിക്കാത്തതെന്തെന്ന് ശിവസേന ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏകീകൃത സിവില്‍നിയമം നടപ്പാക്കാനും അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ആരംഭിക്കാനും ധീരതകാണിക്കണമെന്നും സാമ്‌ന ആവശ്യപ്പെട്ടു.