ന്യൂഡൽഹി: സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും പത്രപ്രവർത്തകനുമായ ആശിഷ് യെച്ചൂരി (35) കോവിഡ് ബാധിച്ചു മരിച്ചു. ഡൽഹിക്കടുത്തു ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കേ വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അന്ത്യം.

രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. തെക്കൻ ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു ആദ്യം. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ഏപ്രിൽ 12-ന് ഐ.സി.യു.വിലേക്ക് മാറ്റി. ചൊവ്വാഴ്ചയാണ് മേദാന്തയിലേക്ക് കൊണ്ടുവന്നത്. മൃതദേഹം കോവിഡ് മാനദണ്ഡം പാലിച്ച് ഉച്ചയ്ക്കു ഗുഡ്ഗാവിൽ സംസ്കരിച്ചു.

ന്യൂസ് പോർട്ടൽ ന്യൂസ് ലോൺഡ്രിയിൽ അസിസ്റ്റന്റ് എഡിറ്ററായിരുന്നു ആശിഷ്. ചെന്നൈയിലെ ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസത്തിൽ നിന്ന് പഠിച്ചിറങ്ങി ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18, ഏഷ്യാവില്ലെ, പുണെ മിറർ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ ജോലിചെയ്തു. ഇടതുപക്ഷപ്രവർത്തക കൂടിയായ ഇന്ദ്രാണി മജുംദാറാണ് അമ്മ. ഭാര്യ: സ്വാതി. സഹോദരി: അഖില.

ആശിഷ് യെച്ചൂരിയുടെ വേർപാടിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖർ അനുശോചിച്ചു.