ന്യൂഡൽഹി: വോട്ടുബാങ്കു നിലനിർത്താൻ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ആർ.എസ്.എസും ബി.ജെ.പി.യുമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബാബ്‌റി മസ്ജിദ് തകർത്തതിന്റെ വാർഷികദിനത്തിൽ ഇടതുപാർട്ടികൾ സംഘടിപ്പിച്ച മതേതര- ഭരണഘടനാ സംരക്ഷണമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ മതേതര റിപ്പബ്ലിക് പ്രതിച്ഛായ തകർക്കുകയാണ് ആർ.എസ്.എസും ബി.ജെ.പിയും. തിരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്ര നിർമാണം ബി.ജെ.പി.വീണ്ടും സജീവമാക്കി.

വർഗീയവിഷം വിതച്ച് ജനങ്ങളെ ഭിന്നിപ്പിച്ചു ഹിന്ദുത്വപദ്ധതിയിലേക്ക് ആളെക്കൂട്ടുകയാണ് ലക്ഷ്യം -യെച്ചൂരി കുറ്റപ്പെടുത്തി. സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാകാരാട്ട്, തപൻസെൻ, ഹനൻ മൊള്ള, ഡൽഹി സംസ്ഥാന സെക്രട്ടറി കെ.എം. തിവാരി, മറിയം ധാവ്‌ളെ, സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ, സി.പി.ഐ.(എം.എൽ.) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ പങ്കെടുത്തു. ആർ.എസ്.പി., ഫോർവേർഡ് ബ്ലോക്ക് പാർട്ടികളുടെ പ്രതിനിധികളും മാർച്ചിൽ അണിനിരന്നു.