ബെംഗളൂരു: 2016-നും ‘18-നുമിടയ്ക്ക് ഇന്ത്യയിലെ തൊഴിലവസരങ്ങൾ കുറഞ്ഞുവെന്നും 50 ലക്ഷം പുരുഷന്മാർക്ക് തൊഴിൽ നഷ്ടമായെന്നും റിപ്പോർട്ട്. ബെംഗളൂരു ആസ്ഥാനമായുള്ള അസിം പ്രേംജി സർവകലാശാലയാണ് ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.

2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനുപിന്നാലെയാണ് തൊഴിലവസരങ്ങൾ കുറഞ്ഞതെങ്കിലും രണ്ടും തമ്മിൽ നേരിട്ട്‌ ബന്ധപ്പെടുത്താനായിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. ‘ഇന്ത്യൻ തൊഴിൽ രംഗത്തിന്റെ അവസ്ഥ-2019’ (എസ്.‍ഡബ്ല്യു.ഐ.) എന്നാണ് റിപ്പോർട്ടിന്‌ പേര്.

തൊഴിലെടുക്കാനുള്ള പ്രായമെത്തിയവരുടെ എണ്ണത്തിലെ വർധന, ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ തൊഴിൽ പങ്കാളിത്തത്തിലുണ്ടായ കുറവ് എന്നിവ കണക്കാക്കുമ്പോൾ 50 ലക്ഷം തൊഴിലുകളാണ് നഷ്ടമായത്. പുരുഷന്മാരുടെ കാര്യം മാത്രമേ പഠനവിധേയമാക്കിയിട്ടുള്ളൂ. സ്ത്രീകളെക്കൂടി പരിഗണിച്ചാൽ തൊഴിൽ നഷ്ടത്തിന്റെ എണ്ണം ഇതിലും ഏറുമെന്ന് വ്യാഴാഴ്ച പുറത്തിറിക്കിയ റിപ്പോർട്ടിൽ പറയുന്നു.

2011 മുതൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. തൊഴിലില്ലാത്തവരിൽ ഏറിയപങ്കും ഉന്നതവിദ്യാഭ്യാസമുള്ള യുവാക്കളാണ്.

വ്യവസായമേഖലയെക്കുറിച്ച് വിവരം നൽകുന്ന മുൻനിര സ്വകാര്യസ്ഥാപനമായ ‘സെന്റർ ഫോർ മോണിറ്ററിങ് ദി ഇന്ത്യൻ ഇക്കോണമി’യുടെ കൺസ്യൂമർ പിരമിഡ്സ് സർവേയുടെ വിവരങ്ങളാണ് 2016-‘18 കാലത്തെ തൊഴിൽസ്ഥിതി മനസ്സിലാക്കാൻ പഠിതാക്കൾ ഉപയോഗിച്ചത്. സ്ത്രീകളുടെ കാര്യം പ്രത്യേകം പഠിച്ചിട്ടില്ലെങ്കിലും കാര്യമായി തൊഴിലില്ലാതായതും തൊഴിൽപങ്കാളിത്തം കുറഞ്ഞതും ഇവർക്കാണെന്ന് റിപ്പോർട്ട് പറയുന്നു.

പരിഹാര നിർദേശങ്ങൾ

* ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ മാതൃകയിൽ നാഗരിക തൊഴിലുറപ്പുപദ്ധതി (യു.ഇ.ജി.പി.) വേണം. ചെറുപട്ടണങ്ങളിൽ അഞ്ചുകോടിപ്പേർക്ക് തൊഴിൽ സൃഷ്ടിക്കാൻ യു.ഇ.ജി.പി.ക്കാവും.

* മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) ആറുശതമാനംവരെ വിദ്യാഭ്യാസമേഖലയിലും മൂന്നുശതമാനംവരെ ആരോഗ്യമേഖലയിലും ചെലവിട്ടാൽ 20 ലക്ഷത്തിലേറെ നല്ല തൊഴിലുകൾ സൃഷ്ടിക്കാം. പൊതുസേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയുംചെയ്യാം.

* ധനക്കമ്മി ലക്ഷ്യങ്ങൾക്കുവേണ്ടി തൊഴിൽസൃഷ്ടിയിലും പൊതുസേവനങ്ങളിലും വിട്ടുവീഴ്ചയരുത്.

* ഇന്ത്യൻ ഉത്പാദനമേഖലയെ പുരുജ്ജീവിപ്പിക്കാൻ പുതിയ വ്യവസായ നയം കൊണ്ടുവരേണ്ടത് ആവശ്യമാണ്.

Content Highlights: Since demonetisation in 2016, about 50 lakh men have lost their jobs, shows new report