ചണ്ഡിഗഢ്: പഞ്ചാബ് കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി നവജോത്‌സിങ് സിദ്ധു വെള്ളിയാഴ്ച ചുമതലയേറ്റു. സിദ്ധുവുമായി അകൽച്ചയിലായിരുന്ന മുഖ്യമന്ത്രി അമരീന്ദർ സിങ് ചടങ്ങിൽ പങ്കെടുത്തത് ശ്രദ്ധേയമായി. വർക്കിങ് പ്രസിഡന്റുമാരായി നിയമിതരായ സംഗത് സിങ് ഗിൽസിയാൻ, സുഖ്‌വീന്ദർ സിങ് ഡാനി, പവൻ ഗോയൽ, കുൽജിത് സിങ് നാഗ്ര എന്നിവരും പാർട്ടി ആസ്ഥാനത്തുനടന്ന പരിപാടിയിൽ ചുമതലയേറ്റു.

കേന്ദ്രസർക്കാരിന്റെ വിവാദ കാർഷികനിയമങ്ങൾക്കെതിരേ അണിചേരുമെന്ന് ചുമതലയേറ്റശേഷം സിദ്ധു പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടാണെന്നും ഒരുമിച്ചുചേർന്ന് പ്രവർത്തിക്കുമെന്നും അമരീന്ദറും വ്യക്തമാക്കി.

മുതിർന്ന കോൺഗ്രസ് നേതാവും പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി. അംഗവുമായ ഹരീഷ് റാവത്ത്, മുൻമുഖ്യമന്ത്രി രജീന്ദർ കൗർ ഭട്ടൽ, മുതിർന്ന നേതാക്കളായ പാർത്തപ് സിങ് ബജ്‌വ, ലാൽ സിങ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.