ന്യൂഡൽഹി: ഉത്തർപ്രദേശിൽ യുവതി കൂട്ടബലാത്സംഗത്തെത്തുടർന്ന് കൊല്ലപ്പെട്ട ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ പേരിൽ മറ്റൊരു കേസുകൂടി യു.പി. പോലീസ് ചുമത്തി. ഒക്ടോബർ നാലിന് ഹാഥ്‌റസിലെ ചാന്ദ്പ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്തിട്ടുള്ള ഗൂഢാലോചനക്കേസിൽ സിദ്ദിഖടക്കം നാലുപേരെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു. മഥുര പോലീസ് രാജ്യദ്രോഹക്കുറ്റമുൾപ്പെടെയുള്ളവ നേരത്തേ ചുമത്തിയിട്ടുണ്ട്. സിദ്ദിഖിനെ അന്യായമായി അറസ്റ്റുചെയ്തതിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈനടപടി.

മഥുര ജയിലിലുള്ള ഇദ്ദേഹത്തെ കാണാൻ അനുമതികിട്ടിയിട്ടില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയനുവേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയ അഡ്വ. വിൽസ് മാത്യൂസ് പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ മുതൽ വൈകീട്ടുവരെയും കോടതിയിൽ കാത്തുനിന്നിട്ടും അനുവാദം കിട്ടിയില്ല. സ്വന്തം കക്ഷിയെ കാണാൻ അഭിഭാഷകനെ അനുവദിക്കാത്തത് നിയമവ്യവസ്ഥയുടെ ലംഘനമാണെന്നും നീതിതേടി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിദ്ദിഖിന്റെ മോചനമാവശ്യപ്പെട്ട് കെ. മുരളീധരൻ എം.പി. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.