ന്യൂഡൽഹി: യു.പി. പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് 90 വയസ്സുള്ള മാതാവുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാൻ അനുമതി നൽകാമെന്ന് സുപ്രീംകോടതി.

ജയിൽ ചട്ടങ്ങൾക്ക് അനുസൃതമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ അമ്മയെ കാണാൻ സിദ്ദിഖിനെ അനുവദിക്കാമെന്ന് വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ജയിൽ ചട്ടത്തിൽ വീഡിയോ കോൺഫറൻസിങ്ങിന് അനുമതിയില്ല. ഈ സാഹചര്യത്തിലാണ്, ഹർജിക്കാരായ കേരള പത്രപ്രവർത്തക യൂണിയനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇക്കാര്യം സുപ്രീംകോടതിയിൽ ഉന്നയിച്ചത്. ഇക്കാര്യത്തിൽ വേണ്ടതു ചെയ്യാമെന്ന് ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സുപ്രീംകോടതിയിൽ ഉറപ്പുനൽകി. തുടർന്ന് കേസ് ആറാഴ്ചത്തേക്ക്‌ മാറ്റി.

കേസ് അടുത്തയാഴ്ചത്തേക്ക്‌ മാറ്റണമെന്നാണ് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടത്. കേസിൽ വിശദമായി വാദംകേൾക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. അതേസമയം, ആറാഴ്ചത്തേക്ക്‌ കേസ് മാറ്റിവെച്ച സാഹചര്യത്തിൽ, ഉടൻ കേൾക്കണമെന്ന അപേക്ഷ നൽകുമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വിൽസ് മാത്യൂസ് പറഞ്ഞു.

ഹാഥ്‌റസ് സംഭവത്തേത്തുടർന്ന് സാമൂഹിക സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നാലുപേരെ യു.എ.പി.എ. ചുമത്തി യു.പി. പോലീസ് ഒക്ടോബർ അഞ്ചിന് അറസ്റ്റ് ചെയ്തത്. കാപ്പൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നാണ് യു.പി. പോലീസ് ആരോപിക്കുന്നത്. എന്നാൽ, പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി പുതിയ സത്യവാങ്മൂലവും യൂണിയൻ നൽകിയിട്ടുണ്ട്. മാധ്യമപ്രവർത്തകനായ സിദ്ദിഖിന് വിവിധ മേഖലയിലുള്ളവരുമായി ബന്ധപ്പെടേണ്ടിവരുമെന്നും പോപ്പുലർ ഫ്രണ്ട് നിരോധിത സംഘടനയല്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.