ന്യൂഡൽഹി: അവശേഷിക്കുന്ന അതിഥിതൊഴിലാളികളെ സ്വദേശത്തേക്ക് അയക്കാൻ ശ്രമിക് തീവണ്ടികൾ ആവശ്യമുണ്ടെങ്കിൽ ബുധനാഴ്ചയോടെ അറിയിക്കണമെന്ന് റെയിൽവേ സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു. അടുത്ത 15 ദിവസങ്ങൾക്കുള്ളിൽ തൊഴിലാളികളെ കേന്ദ്രസർക്കാർ സ്വദേശങ്ങളിലെത്തിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലാണിത്.
മേയ് ഒന്നുമുതൽ 60 ലക്ഷത്തോളംപേരെ തിരികെയെത്തിക്കാനായി 4,347-ലധികം ശ്രമിക് തീവണ്ടികളാണ് സർവീസ് നടത്തിയത്.
തീവണ്ടികൾ ആവശ്യമുണ്ടെങ്കിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കത്തിലൂടെ അറിയിക്കണമെന്നും 24 മണിക്കൂറിനുള്ളിൽ സൗകര്യമൊരുക്കുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ പറയുന്നു. യാത്രക്കാരുടെ എണ്ണം, യാത്ര തുടങ്ങുന്നതും എത്തേണ്ടതുമായ സ്ഥലങ്ങൾ തുടങ്ങിയ വിശദാംശങ്ങളും കത്തിനൊപ്പം നൽകണം. ഇതുവരെ ഇത്തരത്തിൽ 141 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Shramik trains Railway