ന്യൂഡൽഹി: കോവിഡിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി. ഇതിനുള്ള മാനദണ്ഡങ്ങൾ ആറാഴ്ചയ്ക്കകം തയ്യാറാക്കാൻ ദേശീയ ദുരന്തനിവാരണ സമിതിയോട് ആവശ്യപ്പെട്ടു. എത്ര തുക നൽകണമെന്ന് കോടതി നിർദേശിക്കുന്നത് ഉചിതമല്ലെന്നും ഇക്കാര്യം സമിതിയുടെ വിവേകത്തിന് വിടുന്നതായും കോടതി പറഞ്ഞു.

ദുരന്ത നിവാരണസമിതി ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതായി ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം.ആർ. ഷായും അടങ്ങിയ പ്രത്യേക ബെഞ്ച് നിരീക്ഷിച്ചു. നഷ്ടപരിഹാരം നൽകാനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കാൻ സമിതിക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ ഗൗരവ് കുമാർ ബൻസൽ, റീപക് കൻസൽ എന്നിവർ നൽകിയ പൊതുതാത്‌പര്യഹർജിയിലാണ് സുപ്രീം കോടതി വിധി. സർക്കാരിന്റെ വിഭവ സ്രോതസ്സുകൾക്ക് പരിധിയുണ്ടെന്നും കോവിഡ് തുടരുന്ന ദുരന്തമായതിനാൽ നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാവില്ലെന്നും കേന്ദ്രസർക്കാർ ജൂലായ് 21-ന് കോടതിയിൽ അറിയിച്ചിരുന്നു.

മരിച്ചവരുടെ കുടുംബങ്ങൾക്കെല്ലാം നഷ്ടപരിഹാരം നൽകിയാൽ വൻ ബാധ്യതയാവുമെന്നു പറഞ്ഞ് സർക്കാരിന് ഒഴിയാനാവില്ല. 2005-ലെ ദുരന്തനിവാരണ നിയമത്തിലെ ചട്ടം 12 പ്രകാരം ദേശീയ ദുരന്തത്തിനിരയാവുന്നവർക്ക് കുറഞ്ഞ ആശ്വാസം വ്യവസ്ഥ ചെയ്യുന്നുണ്ട്. 12(iii) പ്രകാരം ഇതിൽ ആശ്രിതർക്കുള്ള നഷ്ടപരിഹാരവും ഉൾപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ചട്ടം 12 നിർബന്ധിത വ്യവസ്ഥ അല്ലെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം കോടതി തള്ളി.

സർക്കാരിന് അവരുടേതായ മുൻഗണനാ ക്രമങ്ങളും വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും മുന്നിലുണ്ട്. കോവിഡ് മഹാമാരി സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഘാതവും പരിഗണിക്കണം. ആശ്രിതർക്കുള്ള നഷ്ടപരിഹാരം സർക്കാരിന് ബാധ്യതയുണ്ടാക്കുമെന്നത് വസ്തുതയാണ്. ഒരു രാജ്യത്തിനും അനന്തമായ വിഭവങ്ങളില്ല. സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ചേ അതിന്റെ വിതരണം സാധ്യമാവൂ. അതിനാൽ തുക എത്രയെന്നു സർക്കാരിനോട് നിർദേശിക്കുന്നത് ഉചിതമല്ല. അതും മുൻഗണനകളും സർക്കാർ നിശ്ചയിക്കണം -വിധി വായിച്ച് ജസ്റ്റിസ് എം.ആർ. ഷാ പറഞ്ഞു.

മരണ സർട്ടിഫിക്കറ്റ്

കോവിഡ് രോഗികളുടെ മരണ സർട്ടിഫിക്കറ്റിൽ മരണത്തിന്റെ കൃത്യമായ കാരണം കാണിക്കണമെന്ന് കോടതി നിർദേശിച്ചു. മരിച്ചവരുടെ ഇൻഷുറൻസ്, സാമൂഹിക സുരക്ഷാ ക്ലെയിമുകളുടെ കാര്യത്തിൽ 15-ാം ധനകാര്യ കമ്മിഷന്റെ റിപ്പോർട്ടിന് അനുസൃതമായ നടപടികൾ സ്വീകരിക്കണം. ധനകാര്യ കമ്മിഷൻ നിർദേശിച്ചപോലെ ശ്മശാന തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കണം.

content highlights: should give compensation to covid victim's families- sc to central government