ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ ജമ്മുകശ്മീരിൽ വ്യോമസേന സ്വന്തം ഹെലികോപ്റ്റർ പാകിസ്താന്റേതാണെന്ന് തെറ്റിദ്ധരിച്ച് മിസൈലയച്ച് തകർത്തത് വലിയ പിഴവായെന്ന് സേനാ മേധാവി എയർചീഫ് മാർഷൽ രാകേഷ്‌കുമാർ സിങ് ഭദൗരിയ.

സംഭവത്തിൽ ഉത്തരവാദികളായ രണ്ട് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടിയെടുത്തെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനാ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പുതിയ സേനാമേധാവി. ‘‘നമ്മുടെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണതെന്ന് അംഗീകരിക്കുന്നു. ബദ്ഗാമിൽ വ്യോമസേന തൊടുത്ത മിസൈലാണ് എം.ഐ.-17 ഹെലികോപ്റ്ററിനെ തകർത്തതെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരേ ശിക്ഷാനടപടിയുണ്ടാകും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്’’ -ഭദൗരിയ പറഞ്ഞു.

ഫെബ്രുവരി 27-നാണ് വ്യോമസേനയുടെ കോപ്റ്റർ മിസൈൽപ്രഹരത്തിൽ തകർന്നുവീണ് ആറ് സേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും മരിച്ചത്. ശ്രീനഗർ വ്യോമത്താവളത്തിൽനിന്ന് തൊടുത്ത മിസൈലാണ് കോപ്റ്റർ തകർത്തത്.

ഏതുവിധത്തിലുള്ള ആക്രമണവും നേരിടാൻ വ്യോമസേന സജ്ജമാണെന്ന് സേനാ മേധാവി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാകിസ്താനിൽനിന്ന് ഡ്രോണുകൾ വഴി ഇന്ത്യയുടെ അതിർത്തിയിൽ ആയുധങ്ങൾ വിതരണം ചെയ്യുന്നതിനെ ഗൗരവത്തോടെ കാണുന്നു. വ്യോമാതിർത്തിയുടെ ലംഘനമാണിത്. ഇക്കാര്യത്തിൽ ഉചിതമായ നടപടിയുണ്ടാവുമെന്നും ഭദൗരിയ മുന്നറിയിപ്പ് നൽകി. പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ വ്യോമസേന പ്രത്യേക പദ്ധതിയൊന്നും ആസൂത്രണം ചെയ്തിട്ടില്ല. എന്നാൽ, അത്തരമൊരു സൈനികനീക്കം വേണ്ടിവന്നാൽ സേന തയ്യാറാണ് -അദ്ദേഹം പറഞ്ഞു.

വ്യോമസേനാ ദിനത്തിന്റെ ഭാഗമായ വാർഷിക പരേഡ് ചൊവ്വാഴ്ച ഡൽഹിക്കടുത്ത് ഗാസിയാബാദിലെ ഹിൻഡൻ വ്യോമത്താവളത്തിൽ നടക്കും.

റഫാൽ യുദ്ധവിമാനങ്ങൾ മേയിൽ എത്തും

ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങൾ 2020 മേയ് അവസാനത്തോടെ വ്യോമസേനയുടെ ഭാഗമാവുമെന്ന് വ്യോമസേനാമേധാവി അറിയിച്ചു. ആദ്യഘട്ടത്തിൽ നാല് വിമാനങ്ങളാണ് എത്തുക. വ്യോമസേനയുടെ വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിൽ വിമാനങ്ങൾ പരിശോധിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിനു പുറമേ 12 സുഖോയ്-30 യുദ്ധവിമാനങ്ങളും സേനയുടെ ഭാഗമാക്കും. മിഗ്- 21 വിമാനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.