മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി.യിതര സർക്കാരിന് മടിക്കില്ലെന്ന് ശിവസേന. മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നതുസംബന്ധിച്ച് ഇരുകക്ഷികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് പാർട്ടിയുടെ പ്രതികരണം. മഹാരാഷ്ട്രയിൽ ശിവസേനയെ പിന്തുണയ്ക്കണോ എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ എൻ.സി.പി. നേതാവ് ശരദ് പവാറും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും തിങ്കളാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ശിവസേനയും എൻ.സി.പി.യുംചേർന്ന് മന്ത്രിസഭ രൂപവത്കരിക്കുകയും കോൺഗ്രസ് പുറത്തുനിന്ന് സർക്കാരിനെ പിന്തുണയ്ക്കുകയുംചെയ്യാനുള്ള സാധ്യത ശിവസേനാവൃത്തങ്ങൾ തള്ളിക്കളയുന്നില്ല. മഹാരാഷ്ട്രയുടെ താത്പര്യം സംരക്ഷിക്കാനാണ് ശിവസേന എക്കാലവും മുന്നിൽനിന്നിട്ടുള്ളതെന്നും പൊതുമിനിമം പരിപാടിയുമായി സർക്കാർ രൂപവത്കരിക്കാനുള്ള സാധ്യത ആരായുന്നുണ്ടെന്നും പാർട്ടിവൃത്തങ്ങൾ പറയുന്നു.

ഏറ്റവുംവലിയ ഒറ്റക്കക്ഷിയെന്നനിലയിൽ സർക്കാർ രൂപവത്കരിക്കാൻ ഗവർണർ ബി.ജെ.പി. യെ ക്ഷണിച്ചാൽത്തന്നെയും ഭൂരിപക്ഷം തെളിയിക്കാനാവാതെ അവർ പുറത്തുപോകും. അടുത്ത വലിയ കക്ഷിയെന്നനിലയിൽ ഗവർണർക്ക് ശിവസേനയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കേണ്ടിവരും. ഇൗ സാഹചര്യത്തിൽ പൊതുമിനിമം പാരിപാടിയുടെ അടിസ്ഥാനത്തിൽ കൂട്ടുമന്ത്രിസഭയുണ്ടാക്കാൻ പാർട്ടി മടിക്കില്ലെന്ന് ശിവസേനാ മുഖപത്രമായ ‘സാമ്ന’ മുഖപ്രസംഗത്തിൽ വ്യക്തമാക്കി.

ശിവസേനയും എൻ.സി.പി.യും മറ്റുള്ളവരുംചേർന്നാൽ 170 പേരുടെ പിന്തുണ സർക്കാരിന് ലഭിക്കുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഒമ്പതിന് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കും. അതിനകം പുതിയ സർക്കാർ നിലവിൽവന്നില്ലെങ്കിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തേണ്ടിവരും.

288-അംഗ നിയമസഭയിൽ ബി.ജെ.പി. (105), ശിവസേന (56), എൻ.സി.പി. (54), കോൺഗ്രസ് (44) ബഹുജൻ വികാസ് അഘാഡി (3) എന്നിങ്ങനെയാണ് കക്ഷിനില. പ്രഹാർ ജനശക്തി പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവയ്ക്ക് രണ്ട് അംഗങ്ങൾവീതമുണ്ട്. പെസന്റ്സ് വർക്കേഴ്‌സ് പാർട്ടി, സ്വാഭിമാൻ പക്ഷ്, ക്രാന്തികാരി ഷേത്കാരി പാർട്ടി, സി.പി.എം. എന്നിവയ്ക്ക് ഓരോ അംഗങ്ങളും ബാക്കിയുള്ളവർ കക്ഷിരഹിതരുമാണ്.

Content Highlights: Shiv Sena says non-BJP government will not hesitate