മുംബൈ: ഹിന്ദുത്വ നേതാവ് വി.ഡി. സവർക്കറെപ്പറ്റി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരേ ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത് രംഗത്ത്. ‘വീർ സവർക്കർ മഹാരാഷ്ട്രയുടെമാത്രമല്ല, രാജ്യത്തിന്റെതന്നെ ദൈവമാണെന്നും അദ്ദേഹത്തെ അപമാനിക്കരുതെ’ന്നുമാണ് സഞ്ജയ് റാവുത്ത് ‘ട്വിറ്റർ’ സന്ദേശത്തിൽ പറഞ്ഞത്. ഗാന്ധിജിയെയും നെഹ്‌റുവിനേയുംപോലെ സവർക്കറും ദേശത്തിനുവേണ്ടിയാണ് ജീവൻവെടിഞ്ഞത്. ഇത്തരത്തിലുള്ള എല്ലാവരും ബഹുമാനിക്കപ്പെടണം. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും റാവുത്ത് പറഞ്ഞു.

തന്റെ പേര് രാഹുൽ സവർക്കറെന്നല്ല, രാഹുൽ ഗാന്ധിയെന്നാണെന്നും ‘റേപ്പ് ഇൻ ഇന്ത്യ’ പരാമർശത്തിൽ മാപ്പുചോദിക്കില്ലെന്നും ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന കോൺഗ്രസ് റാലിയിൽ പ്രസംഗിക്കവേ രാഹുൽഗാന്ധി പറഞ്ഞിരുന്നു. ഇതേത്തുടർന്ന്, രാഹുലിന്റെ പരാമർശത്തിൽ ശിവസേനയ്ക്ക് എന്താണ് പറയാനുള്ളതെന്ന് ബി.ജെ.പി. നേതാക്കൾ ചോദിച്ചിരുന്നു.

സഖ്യകക്ഷിയായിരുന്ന ബി.ജെ.പി.യെ തള്ളി കോൺഗ്രസുമായും എൻ.സി.പി.യുമായും സഖ്യമുണ്ടാക്കിയാണ് ശിവസേന മഹാരാഷ്ട്രയിൽ ഭരണത്തിലേറിയത്. ഈ സാഹചര്യത്തിലാണ് ശിവസേനയുടെ അഭിപ്രായം ശ്രദ്ധേയമായത്. ബ്രിട്ടീഷ് ഭരണകാലത്ത് അന്തമാനിലെ ജയിലിൽനിന്ന് ശിക്ഷാകാലാവധി പൂർത്തിയാകുംമുമ്പ് മോചിതനാവാൻവേണ്ടി സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞിരുന്നതായി ആരോപണമുണ്ട്. ഇതാണ് രാഹുൽ തന്റെ പരാമർശത്തിലൂടെ സൂചിപ്പിച്ചത്.

Content Highlights: Shiv Sena Rahul Gandhi