മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർരൂപവത്കരണത്തിൽ അധികാരം തുല്യമായി പങ്കിടണമെന്നുള്ള നിലപാട് ശക്തമാക്കി ശിവസേന. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയെടുക്കാനുള്ള ബി.ജെ.പി. ലക്ഷ്യം വിജയംകണ്ടില്ല. 288-അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 145 സീറ്റു വേണം. ബി.ജെ.പി.ക്ക് 105 സീറ്റുകളും ശിവസേനയ്ക്ക് 56 സീറ്റുകളുമാണ് നേടാനായത്. രണ്ടു കക്ഷികൾക്കുംകൂടി 161 സീറ്റുകൾ.

കഴിഞ്ഞതവണ ബി.ജെ.പി.ക്ക് 122 സീറ്റുണ്ടായിരുന്നു. ശിവസേനയ്ക്ക് 63 സീറ്റുകളും. ശിവസേനയെ ഒഴിവാക്കി സർക്കാരുണ്ടാക്കാൻ ബി.ജെ.പി.ക്ക് കഴിയാത്ത സാഹചര്യമാണ് നിലവിൽ. എന്നാൽ ശിവസേനയുടെ വിലപേശൽശക്തി കുറയ്ക്കാനായി സ്വതന്ത്രരെയും ചെറുകക്ഷികളിൽപ്പെട്ട എം.എൽ.എ.മാരെയും ഉൾപ്പെടുത്തി സർക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി. വ്യക്തമാക്കിക്കഴിഞ്ഞു. 13 സ്വതന്ത്രരും ചെറിയ പാർട്ടികളിൽപ്പെട്ട 16 പേരും ജയിച്ചിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പുസമയത്ത് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായുമായി ഉണ്ടാക്കിയ ധാരണപ്രകാരമായിരിക്കണം മന്ത്രിസഭാരൂപവത്‌കരണമെന്നാണ് ശിവസേനാ നിലപാട്. പ്രധാന വകുപ്പുകൾ വീതം വെക്കുന്നതിനോടൊപ്പം മുഖ്യമന്ത്രിസ്ഥാനവും പങ്കുവെക്കണമെന്നാണ് അന്നത്തെ ധാരണയെന്ന് ശിവസേനാ നേതാക്കൾ പറയുന്നു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറേയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

വർളിയിൽ ജയിച്ച ആദിത്യ താക്കറേയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി ശിവസേനാ പ്രവർത്തകർ മുംബൈയിൽ ബാനറുകൾ ഉയർത്തിക്കഴിഞ്ഞു. നവംബർ ഒമ്പതിനാണ് നിലവിലെ നിയമസഭയുടെ കാലാവധി തീരുന്നത്. അപ്പോഴേക്ക് പുതിയ സർക്കാർ വരണം. ആദിത്യ താക്കറേയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്കാമെന്ന് ബി.ജെ.പി.യുടെ ഉറപ്പുലഭിച്ചാൽ ശിവസേന വഴങ്ങുമെന്നാണ് വിലയിരുത്തൽ.

Content Highlights: Shiv Sena Maharashtra