ന്യൂഡൽഹി: അധ്യാപന-പഠന പ്രക്രിയകൾ കാലത്തിനനുസരിച്ച് നവീകരിച്ചാലേ രാജ്യത്തെ വിദ്യാഭ്യാസം ലോകനിലവാരത്തിലേക്ക് ഉയരൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാറ്റങ്ങൾ പങ്കാളിത്തത്തിൽകൂടിയാണ് വളർത്തേണ്ടതെന്നും വിദ്യാഭ്യാസമേഖലയിൽ ഒട്ടേറെ നവീനപദ്ധതികൾക്ക് തുടക്കമിടുന്ന ‘ശിക്ഷക് പർവ്’ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ആംഗ്യഭാഷാ നിഘണ്ടു (കേൾവിക്കുറവുള്ളവർക്ക് ആംഗ്യഭാഷയിലധിഷ്ഠിതമായ വീഡിയോ), സംസാരിക്കുന്ന പുസ്തകങ്ങൾ (കാഴ്ചക്കുറവുള്ളവർക്കുള്ള ശബ്ദപുസ്തകങ്ങൾ) സി.ബി.എസ്.ഇ. സ്കൂൾ നിലവാരം ഉറപ്പാക്കുന്ന മൂല്യനിർണയ ചട്ടക്കൂട്, അധ്യാപകരുടെ പരിശീലന പരിപാടിയായ ‘നിഷ്ഠ’, വിദ്യാഞ്ജലി പോർട്ടൽ (സ്കൂൾ വികസനത്തിനായി സന്നദ്ധപ്രവർത്തകർ/ദാതാക്കൾ/സി.എസ്.ആർ. നിക്ഷേപകർ എന്നിവർക്കു സൗകര്യം നൽകുന്ന പോർട്ടൽ) എന്നിവയ്ക്ക് പ്രധാനമന്ത്രി തുടക്കംകുറിച്ചു.

ദേശീയ വിദ്യാഭ്യാസനയ രൂപവത്‌കരണത്തിന്റെയും നടപ്പാക്കലിന്റെയും ഓരോ തലത്തിലും വിദ്യാഭ്യാസ വിചക്ഷണർ, വിദഗ്ധർ, അധ്യാപകർ എന്നിവർ സംഭാവനനൽകി. ഈ പങ്കാളിത്തം പുതിയ തലത്തിലേക്കു കൊണ്ടുപോകാനും സമൂഹത്തെ അതിൽ ഉൾപ്പെടുത്താനും കഴിയണം. സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസനിലവാരം ഉയർത്താൻ സ്വകാര്യമേഖലയും മുന്നോട്ടുവരണമെന്ന് വിദ്യാഞ്ജലി പോർട്ടൽ പരിചയപ്പെടുത്തി പ്രധാനമന്ത്രി പറഞ്ഞു.

പൊതുജനപങ്കാളിത്തം രാജ്യത്തിന്റെ ദേശീയ സ്വഭാവഗുണമായി മാറുകയാണ്. ആറേഴു വർഷമായി പൊതുജനപങ്കാളിത്തത്താൽ, സങ്കല്പിക്കാൻപോലും പ്രയാസമുള്ള കാര്യങ്ങൾ നമ്മൾ നടപ്പാക്കി. ഒളിമ്പിക്സ്-പാരാലിമ്പിക്സുകളിൽ മികച്ചപ്രകടനം നടത്തിയ കായികതാരങ്ങളെയും ദേശീയപുരസ്കാരം ലഭിച്ച അധ്യാപകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക വേളയിൽ കുറഞ്ഞത് 75 സ്കൂളെങ്കിലും സന്ദർശിക്കണമെന്ന അഭ്യർഥന കായികതാരങ്ങൾ അംഗീകരിച്ചതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.