ന്യൂഡൽഹി: സർദാർ വല്ലഭ്ഭായ് പട്ടേലിന് ദേശീയതലത്തിലുള്ള ആകർഷകത്വവും ഗുജറാത്തി വേരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രയോജനം ചെയ്യുന്നുവെന്ന് ശശി തരൂർ എം.പി. വർത്തമാനകാലത്തെ പട്ടേലാണ് മോദി എന്ന സന്ദേശം ഒട്ടേറെ ഗുജറാത്തികളെ ആകർഷിക്കുന്നതാണെന്നും തരൂർ നിരീക്ഷിക്കുന്നു. ഗുജറാത്തികളായ മഹാത്മാ ഗാന്ധിയുടെയും പട്ടേലിന്റെയും അങ്കിയണിഞ്ഞാൽ അവരുടെ പ്രഭയിൽ അല്പം തനിക്കും പറ്റാം എന്ന കണക്കുകൂട്ടലാണ് മോദിക്കെന്നും അദ്ദേഹം കരുതുന്നു.

“പ്രൈഡ്, പ്രിജുഡിസ് ആൻഡ് പണ്ഡിറ്റ്‌റി: ദ എസെൻഷ്യൽ ശശി തരൂർ” എന്ന തന്റെ പുതിയ പുസ്തകത്തിലാണ് തരൂർ ഇതുൾപ്പെടെ പല നിരീക്ഷണങ്ങളും പങ്കുവെക്കുന്നത്.

ഗാന്ധിജിയുടെയും പട്ടേലിന്റെയും മഹിമയിൽ പങ്കുപറ്റാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തേ മോദി ശ്രമം തുടങ്ങിയതാണെന്ന് തരൂർ പറയുന്നു. ബി.ജെ.പി. പട്ടേലിന്റെ പാരമ്പര്യം അവകാശപ്പെട്ടിരുന്നതിനെക്കാൾ കൂടുതലായി മോദി അതിനു ശ്രമിച്ചു. ‘ഉരുക്കുമനുഷ്യ’നായ പട്ടേലിന്റെ 600 അടിയോളം ഉയരമുള്ള പ്രതിമ ഗുജറാത്തിൽ പണിയുന്നതിനായി രാജ്യമെമ്പാടുമുള്ള കർഷകരോട് അവരുടെ കലപ്പകളിൽനിന്ന് ഇരുമ്പ് സംഭാവന ചെയ്യാൻ പറഞ്ഞു. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബേർട്ടിയെ ചെറുതാക്കി ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയായി മാറിയ അത് പട്ടേലെന്ന വിനീതനായ ഗാന്ധിയനെ ആദരിക്കാനുള്ള സ്മാരകമെന്നതിനെക്കാൾ അതു പണിതയാളുടെ ഗർവ് നിറഞ്ഞ അമിത ആശയുടെ പ്രതീകമായെന്ന് തരൂർ വിലയിരുത്തുന്നു.

ജവാഹർലാൽ നെഹ്രുവിന്റെ പാരമ്പര്യത്തെക്കുറിച്ചുള്ള ലേഖനത്തിൽ ബി.ജെ.പി. നേതാവ് എ.ബി. വാജ്പേയിയെക്കുറിച്ച് പറയുന്നുണ്ട് തരൂർ. നെഹ്രുവിന്റെ മരണാനന്തരം പാർലമെന്റിൽ നടന്ന ചടങ്ങിൽ വാജ്പേയി നടത്തിയ വികാരനിർഭരവും കാവ്യാത്മകവുമായ അനുസ്മരണമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

“വാജ്പേയിയുടെ പ്രസംഗം പതിവ് അനുസ്മരണത്തിനും അപ്പുറം പോയി. നെഹ്രുവിന്റെ ആദർശങ്ങൾക്കായി പുനരർപ്പണം ചെയ്യാൻ അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തു. വാജ്പേയിയുടെ ഈ വാക്കുകൾ ഒരിക്കലും മോദിയിൽനിന്നുണ്ടാകില്ലെന്നും തരൂർ പറയുന്നു.

അലെഫ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ തന്റെ കേരള പാരമ്പര്യമുൾപ്പെടെയുള്ള ഒട്ടേറെ വിഷയങ്ങൾ അദ്ദേഹം പരാമർശിക്കുന്നുണ്ട്.