ന്യൂഡല്‍ഹി: സ്രാവുകളുടെ ചിറക് കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്ന് കെ.വി. തോമസ് എം.പി. കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവിന് നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. മന്ത്രി മേനകാഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് 2015 ഫെബ്രുവരി ആറിന് പുറപ്പെടുവിച്ച വിജ്ഞാപനംവഴിയാണ് ഈ നിയന്ത്രണം കൊണ്ടുവന്നത്.

ചില രാജ്യങ്ങളില്‍ ചിറകിനുമാത്രമായി സ്രാവുകളെ പിടിക്കുകയും ചിറകരിഞ്ഞശേഷം കടലിലേക്ക് തള്ളുകയും ചെയ്യുന്നുണ്ട്. അവിടെ സ്രാവിന്റെ മാംസം ഉപയോഗിക്കാറില്ല. എന്നാല്‍, ഇന്ത്യയില്‍ സ്ഥിതി വ്യത്യസ്തമാണ്. സ്രാവുകളെ ചിറകരിയാന്‍ മാത്രമായി പിടിക്കാറില്ല. സ്രാവുകളുടെ മാംസം ഭക്ഷിക്കുന്നുമുണ്ട്. ഭക്ഷ്യയോഗ്യമായ സ്രാവുകളുടെ ചിറകുകളാണ് ഇന്ത്യയില്‍നിന്ന് കയറ്റിയയച്ചുകൊണ്ടിരുന്നത്. നിരോധനം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സ്രാവിന്റെ ചിറകുകള്‍ വിവിധ കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് തോമസ് ചൂണ്ടിക്കാട്ടി.

വസ്തുതകളോ ഇന്ത്യയിലെ സാഹചര്യങ്ങളോ കണക്കിലെടുക്കാതെ വ്യക്തിപരമായ ലക്ഷ്യംവെച്ച്, പരിസ്ഥിതി മന്ത്രാലയത്തോടുപോലും ആലോചിക്കാതെയാണ് മേനകാഗാന്ധിയുടെ മന്ത്രാലയം വാണിജ്യമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തി നിരോധനം ഏര്‍പ്പെടുത്തിയത്. സി.എം.എഫ്.ആര്‍.ഐ., സി.ഐ.എഫ്.ടി., എം.പി.ഇ.ഡി.എ., മീന്‍പിടിത്തമേഖലയിലുള്ളവര്‍, വ്യാപാരികള്‍, കയറ്റുമതിക്കാര്‍, വിദേശ ഇറക്കുമതി ഡയറക്ടറേറ്റ് തുടങ്ങിയവരുമായി വിഷയം ചര്‍ച്ചചെയ്ത് അടിയന്തരമായി ഈ വിഷയത്തില്‍ തീര്‍പ്പാക്കണമെന്ന് തോമസ് ആവശ്യപ്പെട്ടു.