മുംബൈ: മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാർ രൂപവത്കരിക്കുന്നത് സംബന്ധിച്ച് എൻ.സി.പി. അധ്യക്ഷൻ ശരദ് പവാറും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറേ കൂടിക്കാഴ്ചയിൽ പങ്കെടുക്കുമോയെന്ന കാര്യം വ്യക്തമല്ല. പവാറിനോടൊപ്പം അദ്ദേഹവും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
സോണിയാ ഗാന്ധിയെ ശരദ് പവാർ തിങ്കളാഴ്ച കാണുമെന്ന കാര്യം പുണെയിൽ നടന്ന എൻ.സി.പി. കോർ കമ്മറ്റി യോഗത്തിനുശേഷം പാർട്ടിവക്താവ് നവാബ് മാലിക്കാണ് അറിയിച്ചത്. സർക്കാർ രൂപവത്കരണ നീക്കം വേഗത്തിലാക്കണമെന്ന് കോൺഗ്രസിന്റെയും ശിവസേനയുടെയും എം.എൽ.എ.മാർ പാർട്ടിനേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിൽ സഖ്യസർക്കാർ രൂപവത്കരണം വൈകുന്നത് കർണാടക പരീക്ഷണം പാളിയതിന്റെ പശ്ചാത്തലത്തിലാണെന്നാണ് റിപ്പോർട്ടുകൾ. വ്യക്തമായ നയത്തിന്റെ അടിസ്ഥാനത്തിലും ഏകോപനത്തിലും ഊന്നിമാത്രം സർക്കാർ രൂപവത്കരിച്ചാൽ മതിയെന്ന് ശരദ് പവാർ നിലപാട് എടുത്തിട്ടുണ്ട്. ഗവർണറെ കാണാൻ മൂന്നു കക്ഷികളും കൂടി തീരുമാനിച്ചതിനുശേഷം അതിൽ നിന്ന് പിന്മാറി. സോണിയാഗാന്ധിയും ശരദ് പവാറുമായുള്ള ചർച്ചയ്ക്കുശേഷം മതി ഗവർണറുമായുള്ള കൂടിക്കാഴ്ച എന്ന നിലപാടിലേക്ക് മാറുകയായിരുന്നു നേതാക്കൾ.
സർക്കാർ രൂപവത്കരണം സംബന്ധിച്ച് ബുധനാഴ്ചയോടെ തീരുമാനം ഉണ്ടാകുമെന്ന് എൻ.സി.പി. കോർ കമ്മറ്റിയോഗത്തിൽ പങ്കെടുക്കാനെത്തിയ മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. സഖ്യസർക്കാരിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള പൊതുമിനിമം പരിപാടി സോണിയയുമായി പവാർ ചർച്ചചെയ്യും. മുഖ്യമന്ത്രിസ്ഥാനവും പ്രധാനവകുപ്പുകളും ആർക്കൊക്കെ എന്ന കാര്യത്തിലും കൂടിക്കാഴ്ചയിൽ വ്യക്തമാകുമെന്നാണ് എൻ.സി.പി. നേതാക്കളിൽനിന്ന് അറിയുന്നത്.
മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ബി.ജെ.പി- ശിവസേന സഖ്യം പിരിഞ്ഞതോടെയാണ് സർക്കാർ രൂപവത്കരണം പ്രതിസന്ധിയിലായത്. നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്.
Content Highlights: Sharad Pawar - Sonia Gandhi meet, Maharashtra