മുംബൈ: എൻ.സി.പി. തലവൻ ശരദ് പവാർ കരുത്തുതെളിയിച്ചതായി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. സഖ്യകക്ഷിയായ കോൺഗ്രസിനെ പിന്തള്ളി മുഖ്യപ്രതിപക്ഷകക്ഷിയാകാൻ ശരദ് പവാറിന്റെ എൻ.സി.പി.ക്കായി.

മഹാരാഷ്ട്രയിൽ ജീവന്മരണപോരാട്ടത്തിലായിരുന്നു പവാർ. ബാരാമതിയിൽ എൻ.സി.പി. നേതാവും ശരദ് പവാറിന്റെ അനന്തരവനുമായ അജിത് പവാറിനെ തോൽപ്പിക്കുമെന്ന വാശിയിലായിരുന്നു ബി.ജെ.പി. സത്താറയിൽ കനത്തമഴ പെയ്തിറങ്ങിയപ്പോഴും നനഞ്ഞുനിന്നുള്ള പവാറിന്റെ പ്രസംഗം സാമൂഹികമാധ്യമങ്ങളിലുംമറ്റും വൻതോതിൽ പ്രചരിച്ചിരുന്നു. ആ പ്രസംഗം സത്താറാ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചു.

ഛത്രപതി ശിവജിയുടെ പിൻമുറക്കാരനായ ഉദയൻ രാജെ ഭോസ്ലെ പരാജയപ്പെട്ടു. എൻ.സി.പി. വിട്ട് ഭോസ്ലെ ബി.ജെ.പി.യിൽ ചേർന്നിരുന്നു. അദ്ദേഹത്തെ തോൽപ്പിക്കുക എന്നത് പവാറിന്റെ അഭിമാനപ്രശ്നമായിരുന്നു. തന്റെ അടുത്ത നേതാക്കളെയെല്ലാം ബി.ജെ.പി. അടർത്തിക്കൊണ്ടുപോയപ്പോൾ പവാർ നിലനിൽപ്പിനായിട്ടുള്ള പോരാട്ടത്തിലായിരുന്നു. പവാർമാത്രമാണ് പ്രതിപക്ഷത്തുനിന്ന് സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തിയത്. പ്രായത്തെ വകവെക്കാതെ അദ്ദേഹം പ്രചാരണത്തിൽ സജീവമായിരുന്നു. കഴിഞ്ഞ രണ്ടു ലോക്‌സഭാ തിരഞ്ഞടുപ്പുകളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്കേറ്റ തോൽവി എൻ.സി.പി.യുടെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിരുന്നു. എൻ.സി.പി.ക്ക് ആധിപത്യമുള്ള പശ്ചിമ മഹാരാഷ്ട്രയിൽ കടന്നുകയറാനുള്ള ബി.ജെ.പി.യുടെ നീക്കത്തെ ഇക്കുറി തടയേണ്ടത് പവാറിന്റെ ആവശ്യമായിരുന്നു. അതിൽ അദ്ദേഹത്തിനു വിജയിക്കാനായി.

പശ്ചിമ മഹാരാഷ്ട്രയിൽ എൻ.സി.പി.ക്ക് കഴിഞ്ഞ തവണത്തെക്കാൾ മികച്ചവിജയം നേടാനായി. ‘മറാഠാ ശക്തിമാൻ’ എന്ന വിശേഷണമാണ് പവാറിനുള്ളത്. മറാഠാ വോട്ടുകൾ 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് അനുകൂലമായിമാറിയിരുന്നു. ജോലിസംവരണം ഏർപ്പെടുത്തി ബി.ജെ.പി. മറാഠാ സമുദായത്തെ പാർട്ടിയോട് അടുപ്പിക്കാൻ ശ്രമിച്ചിരുന്നു. അപകടം മണത്ത പവാർ ഇത്തവണ ബി.ജെപി.ക്കും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനുമെതിരേ ശക്തമായി പ്രചാരണംതന്നെ അഴിച്ചുവിട്ടിരുന്നു. തിരഞ്ഞെടുപ്പിനിടെ മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്കിലെ വായ്പാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പവാറിനെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതും അദ്ദേഹത്തിന് അനുകൂലഘടകമായിമാറി.

Content highlights: Sharad Pawar, NCP, Maharashtra