മുംബൈ: പ്രധാനമന്ത്രി മോദി ചെയ്യുന്നതുപോലെ അദ്ദേഹത്തെ തിരിച്ച് വ്യക്തിപരമായി ആക്രമിക്കില്ലെന്ന് എൻ.സി.പി. നേതാവ് ശരദ് പവാർ. അമ്മ തനിക്കുപകർന്നുതന്ന സംസ്കാരം അതിനനുവദിക്കുന്നില്ലെന്ന് പവാർ പറഞ്ഞു.

മഹാരാഷ്ട്രയിലെ വർധയിൽ തിങ്കളാഴ്ച ബി.ജെ.പി.-ശിവസേനാ സഖ്യത്തിന്റെ ആദ്യ തിരഞ്ഞെടുപ്പുറാലിയെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി മോദി പവാറിനെതിരേ രൂക്ഷമായ കടന്നാക്രമണം നടത്തിയിരുന്നു. കുടുംബത്തിലെ ആഭ്യന്തരപ്രതിസന്ധികൾ കാരണം എൻ.സി.പി.യുടെ നിയന്ത്രണം പവാറിന്റെ കൈയിൽനിന്ന് വഴുതിക്കൊണ്ടിരിക്കുകയാണെന്നും കാറ്റ്‌ മാറിവീശുകയാണെന്ന് മനസ്സിലായതുകൊണ്ടാണ് പ്രധാനമന്ത്രിപദം സ്വപ്നംകണ്ടിരുന്ന പവാർ മത്സരരംഗത്തുനിന്ന് പിന്മാറിയതെന്നും മോദി ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പവാർ പറഞ്ഞത്.

‘‘ചെല്ലുന്നിടത്തെല്ലാം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് മോദി നടത്തുന്നത്. പക്ഷേ, ഞാൻ അങ്ങനെ ചെയ്യില്ല. അമ്മയുടെ സ്വാധീനമാണ് എന്നിലുള്ളത്. വ്യക്തിപരമായ അധിക്ഷേപം നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല’’ -പവാർ പറഞ്ഞു. എൻ.സി.പി.യിൽ കുടുംബവഴക്കുണ്ടെങ്കിൽ അതിൽ മോദി വിഷമിക്കേണ്ടെന്ന് പവാർ പറഞ്ഞു. വർധയിൽവെച്ച് പ്രധാനമന്ത്രി പുതിയ പദ്ധതികളെന്തെങ്കിലും പ്രഖ്യാപിക്കുമെന്നാണ് കരുതിയത്. എന്നാലദ്ദേഹം എൻ.സി.പി.യെപ്പറ്റി ഇല്ലാത്ത കാര്യങ്ങൾ പറയാനാണ് സമയം ചെലവഴിച്ചത് -പവാർ പറഞ്ഞു.