മുംബൈ: മഹാരാഷ്ട്ര സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനെത്തുടർന്ന് സ്വമേധായ ഇ.ഡി. ഓഫീസിൽ ഹാജരാകാനുള്ള തീരുമാനത്തിൽനിന്ന് എൻ.സി.പി. നേതാവ് ശരദ് പവാറിനെ പോലീസ് പിന്തിരിപ്പിച്ചു. എൻ.സി.പി. പ്രതിഷേധം ശക്തമാക്കിയതിനെത്തുടർന്ന് സിറ്റി പോലീസ് കമ്മിഷണറും ക്രമസമാധാനപാലനച്ചുമതലയുള്ള ജോയന്റ് പോലീസ് കമ്മിഷണറും പവാറിനെ വസതിയിലെത്തി അനുനയിപ്പിക്കുകയായിരുന്നു.

സംഘർഷസാധ്യത മുന്നിൽക്കണ്ട് കൊളാബാ, കഫ്പരേഡ്, മറൈൻ ലൈൻസ്, ഡോംഗ്രി, ആസാദ് മൈതാൻ, ജെ.ജെ. മാർഗ്, എം.ആർ.എ. മാർഗ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പവാറിനെതിരേയുള്ള ഇ.ഡി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ചായിരുന്നു എൻ.സി.പി.യുടെ പ്രതിഷേധം.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ ബാങ്കിന്റെ ഡയറക്ടർ ബോർഡംഗംപോലുമല്ലാത്ത തനിക്കെതിരേ കേസെടുത്തത് ചില കളികളുടെ ഭാഗമായിരുന്നുവെന്ന് ബി.ജെ.പി.യുടെ പേരെടുത്ത് പറയാതെ ശരദ്പവാർ കുറ്റപ്പെടുത്തിയിരുന്നു. കേസെടുത്തിട്ടുള്ളതിനാൽ തനിക്ക് പറയാനുള്ളതെല്ലാം ഇ.ഡി. ഓഫീസിൽ ഹാജരായി ഉദ്യോഗസ്ഥരോട് പറയുമെന്നായിരുന്നു പവാറിന്റെ നിലപാട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങേണ്ടതിനാൽ സമയമില്ലെന്നും വെള്ളിയാഴ്ചതന്നെ ഇ.ഡി. ഓഫീസിൽ എത്തുമെന്നും പവാർ വ്യക്തമാക്കുകയായിരുന്നു. എന്നാൽ, ചോദ്യംചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ചിട്ടില്ലെന്ന കാര്യം ഇ.ഡി. അധികൃതർ പവാറിനെ അറിയിച്ചു. പവാർ ഇ.ഡി. ഓഫീസിലേക്ക് പോകുന്നത് ക്രമസമാധാന പ്രശ്‌നങ്ങൾക്കിടയാക്കുമെന്ന് പോലീസും അദ്ദേഹത്തെ ധരിപ്പിച്ചു. അതേസമയം, പവാറിനെ പിന്താങ്ങി അണ്ണ ഹസാരെയും ശിവസേനയും രംഗത്തുവന്നത് ശ്രദ്ധേയമായി.