ന്യൂഡൽഹി: തങ്ങൾക്കൊപ്പം പ്രണയദിനമാഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഷഹീൻബാഗിലെ പൗരത്വനിയമഭേദഗതി പ്രതിഷേധക്കാർ. മോദിക്കായി പ്രണയഗാനവും അപ്രതീക്ഷിതസമ്മാനവും ഒരുക്കിയിട്ടുണ്ടെന്നും പ്രതിഷേധക്കാർ അറിയിച്ചു.

സമരവേദിക്കടുത്ത് പതിച്ച പോസ്റ്ററിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം. “പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കോ ആർക്കുവേണമെങ്കിലും ഞങ്ങളോട് സംസാരിക്കാം. പൗരത്വനിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്ന്‌ ബോധ്യപ്പെടുത്താൻ അവർക്ക് കഴിയുമെങ്കിൽ പ്രതിഷേധങ്ങൾ ഞങ്ങൾ അവസാനിപ്പിക്കും” -ഷഹീൻബാഗിലെ സമരക്കാരിലൊരാളായ സയ്യിദ് താസീർ അഹമദ് പറഞ്ഞു.

ഡിസംബർ 15 മുതലാണ് പൗരത്വനിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷഹീൻബാഗിൽ പ്രതിഷേധസമരം ആരംഭിച്ചത്. പ്രധാനറോഡുകളിലെ ഗതാഗതം തടസ്സപ്പെടുത്തിയുള്ള സമരം നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന ആരോപണം താസിർ നിഷേധിച്ചു. ആംബുലൻസും സ്കൂൾ വാഹനങ്ങളും അടക്കമുള്ളവ കടത്തിവിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Shaheen Bagh Protesters Invited Modi To Celebrate Valentine's Day