ബെംഗളൂരു: ലൈംഗിക പീഡനം സഹിക്കാനാകാതെ കൗമാരക്കാരി സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി. സംഭവത്തിൽ മൂത്തമകളായ പ്ലസ് വൺ വിദ്യാർഥിനിയെയും പ്രായപൂർത്തിയാകാത്ത മൂന്നു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ലൈംഗികപീഡനം കാരണം സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെയാണ് ബിഹാർ സ്വദേശിയായ 45-കാരൻ കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ കോളേജ് കാമ്പസിൽ സുരക്ഷാ ജീവനക്കാരനായിരുന്നു. പ്രതികൾ വീട്ടിലെത്തി രണ്ടു പെൺമക്കളുടെ മുന്നിൽവെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഇളയ മകൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. കൊലപാതകത്തിനുശേഷം മൂത്തമകൾ അയൽവീട്ടിൽപ്പോയി പിതാവ് കൊല്ലപ്പെട്ട കാര്യം അറിയിച്ചു. കൊല്ലപ്പെട്ടയാൾ രണ്ടു വിവാഹം കഴിച്ചതാണെന്ന് പോലീസ് പറഞ്ഞു.

ആദ്യഭാര്യ ബിഹാറിലും രണ്ടാം ഭാര്യ കലബുറഗിയിലുമാണ്. രണ്ടാം വിവാഹത്തിലുള്ളതാണ് രണ്ട് പെൺമക്കൾ. പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം മൂത്തമകൾ അമ്മയോടു പറഞ്ഞതോടെ ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. പിതാവ് ഉപദ്രവിക്കുന്ന കാര്യം പെൺകുട്ടി സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. തിങ്കളാഴ്ച പുലർച്ചെയും പിതാവ് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഈ സമയം സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് സഹായം തേടി. ഇതേത്തുടർന്ന് സുഹൃത്തുക്കൾ വീട്ടിലെത്തി പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Content Highlights: Sexual harassment: teenage girl arranges fathers murder