റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അഡീഷണൽ ജില്ലാ ജഡ്‌ജി ഉത്തം ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 243 പേരെ കസ്റ്റഡിയിൽ എടുത്തെന്നും 17 പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായവർ ഒട്ടേറെക്കേസുകളിൽ പ്രതികളാണ്.

ജഡ്‌ജിയെ വാഹനമിടിക്കുന്ന സി.സി.ടി.വി. ദൃശ്യം പുറത്തായതുൾപ്പെടെയുള്ള കാരണങ്ങൾക്ക് രണ്ട്‌ പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി സീനിയർ പോലീസ് സൂപ്രണ്ട് സഞ്ജീവ് കുമാർ പറഞ്ഞു.

ജൂലായ് 28-ന് ധൻബാദിലെ മജിസ്ട്രേറ്റ് കോളനിക്ക്‌ സമീപം പ്രഭാതനടത്തത്തിനിറങ്ങിയ ജഡ്‌ജിയെ ഓട്ടോറിക്ഷയിടിച്ച് കൊല്ലുകയായിരുന്നു. ഈ ഓട്ടോ പോലീസ് കണ്ടെടുത്തു. ഡ്രൈവർ ലഖാൻ വർമയെയും സഹായി രാഹുൽ വർമയെയും പിറ്റേന്ന് അറസ്റ്റ് ചെയ്തു. കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്ന് ജാർഖണ്ഡ് സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്.