അഗർത്തല: ത്രിപുരയിൽ സ്വയംഭരണ ജില്ലാ സമിതി തിരഞ്ഞെടുപ്പിൽ‍ ബി.ജെ.പി.-ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി.) സഖ്യത്തിന് തിരിച്ചടി. പുതുതായി രൂപവത്‌കരിച്ച ദി ഇൻഡിജെനസ് പ്രോഗ്രസീവ് റീജണൽ അലയൻസാണ് (ടി.ഐ.പി.ആർ.എ.) ആകെയുള്ള 28 സീറ്റുകളിൽ 18-ലും മുന്നിട്ടുനിൽക്കുന്നത്. എട്ട് സീറ്റുകളിലാണ് ബി.ജെ.പിയും സഖ്യകക്ഷിയും മുന്നിട്ടു നിൽക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിലെ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട കോൺഗ്രസ് മുൻ സംസ്ഥാനാധ്യക്ഷൻ മാണിക്യദേബ് ബർമൻ സ്ഥാപിച്ച പാർട്ടിയാണ് ടി.ഐ.പി.ആർ.എ. സംസ്ഥാനത്തെ 20 നിയമസഭാ മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 30 സീറ്റുകൾ അടങ്ങുന്ന സമിതിയുടെ 28 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് സീറ്റുകളിലേക്ക് ഗവർണർ നാമനിർദേശം ചെയ്യുകയുകയായിരുന്നു. 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ 20 നിയമസഭാമണ്ഡലങ്ങളിൽ 18-ലും വിജയിച്ചത് ബി.ജെ.പി.-ഐ.പി.എഫ്.ടി. സഖ്യമായിരുന്നു. സമിതിയിലേക്ക് അവസാനമായി നടന്ന 2015-ലെ തിരഞ്ഞെടുപ്പിൽ 25 സീറ്റ് നേടി സി.പി.എമ്മിൻറെ നേതൃത്വത്തിലുള്ള ഇടതുമുന്നണി അധികാരത്തിലെത്തിയിരുന്നു.

അതിനിടെ വോട്ടിങ് കേന്ദ്രമായ മോഹൻപുരിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഓഫീസിലെത്തിയ ദേബ് ബർമൻ ഉൾപ്പെടെയുള്ള ടി.ഐ.പി.ആർ.എ. നേതാക്കൾക്കും സ്ഥാനാർഥികൾക്കുമെതിരേ അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായി. എന്നാൽ ബർമൻ സുരക്ഷിതനായി വീട്ടിലെത്തിയതായി പോലീസ് സൂപ്രണ്ട് മാണിക് ലാൽ ദാസ് പറഞ്ഞു.

Content Highlights: Setback for BJP in Tripura