ന്യൂഡൽഹി/ പുണെ: കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരേ പ്രതിപക്ഷവും സംസ്ഥാനങ്ങളും എതിർപ്പ് ശക്തമാക്കുന്നതിനിടയിൽ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ വാക്സിന്റെ വില പ്രഖ്യാപിച്ചു. കോവീഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും നൽകുമെന്ന് കമ്പനി സി.ഇ.ഒ. അദാർ പൂനാവാല അറിയിച്ചു. കേന്ദ്രസർക്കാരിന് 150 രൂപ നിരക്കിലായിരുന്നു നൽകിയിരുന്നത്.

ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, മുതിർന്ന പൗരന്മാർ, 45-നു മുകളിലുള്ളവർ എന്നിവർക്ക് കേന്ദ്രം സൗജന്യമായി നൽകുന്ന വാക്സിനേഷൻ പദ്ധതി തുടരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ വാക്സിൻ നയം സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സാമൂഹിക അസമത്വത്തിന് വഴിവെക്കുമെന്നുമുള്ള വിമർശനങ്ങൾക്കിടെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യ ആശുപത്രികൾ ഡോസിന് 250 രൂപ ഈടാക്കി നൽകുന്ന പ്രതിരോധ കുത്തിവെപ്പ് മേയ്‌മുതൽ ഉണ്ടാവില്ല. ഇപ്പോൾ കേന്ദ്രമാണ് സംസ്ഥാന സർക്കാരുകൾ മുഖേന സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നൽകുന്നത്. നിർമാതാക്കളിൽനിന്ന്് സ്വകാര്യ ആശുപത്രികൾക്കും സംസ്ഥാന സർക്കാരുകൾക്കും നേരിട്ട് വാക്സിൻ വാങ്ങി കുത്തിവെപ്പ് നടത്താം. കുത്തിവെപ്പിന് ആശുപത്രികൾ ഈടാക്കുന്ന നിരക്ക് കേന്ദ്രം നിരീക്ഷിക്കും.

സ്വകാര്യ ആശുപത്രികൾക്കും സംസ്ഥാന സർക്കാരുകൾക്കും നൽകുന്ന വാക്സിന്റെ വില കമ്പനികൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. മേയ് ഒന്നിനുമുമ്പ്‌ നിർമാതാക്കൾ വില നിശ്ചയിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. രാജ്യത്തെ മറ്റൊരു വാക്സിൻ നിർമാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക് തങ്ങളുെട കോവാക്സിന്റെ വിലയെക്കുറിച്ച് ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.

മറ്റ് വാക്സിനുകളെ അപേക്ഷിച്ച് വിലക്കുറവിലാണ് കോവിഷീൽഡ് പൊതുവിപണിയിൽ വിൽക്കുന്നതെന്ന് അദാർ പൂനാവാല പറഞ്ഞു. അമേരിക്കൻ വാക്സിനുകൾക്ക് ഡോസിന് 1500 രൂപയാണ് ഈടാക്കുന്നത്. ഇതിനോട് തുലനം ചെയ്യുമ്പോൾ കോവിഷീൽഡ് വാക്സിൻ വളരെ കുറഞ്ഞ വിലയ്ക്കാണ് രാജ്യത്ത് നൽകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.