ന്യൂഡല്‍ഹി : സുപ്രീംകോടതിയുടെ ചരിത്രത്തില്‍ നടക്കുന്ന രണ്ടാമത്തെ പൊട്ടിത്തെറിയാണിത്. ആദ്യത്തേത് പ്രകടമായ രാഷ്ട്രീയ, ഭരണ ഇടപെടലിന്റെ തുടര്‍ച്ചയായി മൂന്നു ജഡ്ജിമാര്‍ ഒന്നിച്ചു രാജിവെച്ചതാണെങ്കില്‍ ഇപ്പോഴത്തേത്ത് ചീഫ് ജസ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ അവിശ്വാസം രേഖപ്പെടുത്തി നാലു മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി രംഗത്തുവന്നതാണ്.

ഈ പ്രതിസന്ധിയുടെ മൂലകാരണവും ചില കേസുകളില്‍ ജൂഡീഷ്യറിയിലെ തലപ്പത്തുനിന്നു തന്നെയും രാഷ്ട്രീയ, ഭരണതലത്തില്‍നിന്നും ഉണ്ടായ ഇടപെടലുകളാണെന്ന സൂചനയാണ് പുറത്തുവരുന്നത്. വിഷയത്തിന് രാഷ്ട്രീയ, പൊതുപ്രാധാന്യം കൈവരുന്നത് അതുകൊണ്ടുകൂടിയാണ്.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള രാഷ്ട്രീയസാഹചര്യങ്ങള്‍ക്കിടയില്‍ 1973-ന്റെ തുടക്കത്തിലാണ് മൂന്നു ജഡ്ജിമാര്‍ രാജിവെച്ചത്. മൂന്നുപേരുടെ സീനിയോറിറ്റി മറികടന്ന് ജൂനിയറായ ജസ്റ്റിസ് എ.എന്‍. റേയെ ചീഫ് ജസ്റ്റിസായി ഇന്ദിരാഗാന്ധി സര്‍ക്കാര്‍ നിയമിച്ചതാണ് രാജിക്ക് വഴിവെച്ചത്. ഇന്ത്യന്‍ ഭരണഘടനാ കേസുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേശവാനന്ദ ഭാരതി കേസില്‍ പുറപ്പെടുവിച്ച വിധിയാണ് അന്നത്തെ സര്‍ക്കാറിനെ ചൊടിപ്പിച്ചത്. സര്‍ക്കാറിനെതിരേ വിധിയെഴുതിയ ജസ്റ്റിസ് ജെ.എം. ഷെലാത്, ജസ്റ്റിസ് എ.എന്‍. ഗ്രോവര്‍, ജസ്റ്റിസ് എച്ച്.എസ്. ഹെഗ്‌ഡെ എന്നിവരെ മറികടന്നാണ് ജസ്റ്റിസ് എ.എന്‍. റേയെ ചീഫ് ജസ്റ്റിസാക്കിയത്. കോടതിക്കാണോ സര്‍ക്കാരിനാണോ അപ്രമാദിത്വം എന്ന തര്‍ക്കവും വിവാദവും നടക്കുന്ന സമയമായിരുന്നു അത്.

1963-ലെ കേരളാ ഭൂപരിഷ്‌കരണ നിയമത്തെ ചോദ്യംചെയ്ത് എടനീര്‍ മഠത്തിന്റെ അധിപന്‍ സ്വാമി കേശവാനന്ദ ഭാരതി നല്‍കിയ കേസാണ് ഇതിന്റെ അടിസ്ഥാനം. കേസു നടക്കുന്നതിനിടെ പാര്‍ലമെന്റ് പാസാക്കിയ 29-ാം ഭരണഘടനാ ഭേദഗതി നിയമം ഭൂപരിഷ്‌കരണ നിയമത്തെ ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി. അതിനു തുടര്‍ച്ചയായി ഭരണഘടനയുടെ 24, 25, 29 എന്നീ ഭേദഗതി നിയമങ്ങളുടെ സാധുതതന്നെ അദ്ദേഹം സുപ്രീംകോടതിയില്‍ ചോദ്യംചെയ്തു. ഭരണഘടനാ വിഷയങ്ങളില്‍ സുപ്രീംകോടതിക്കാണ് അപ്രമാദിത്വം എന്ന നിലപാടോടെ, ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ചോദ്യം ചെയ്യുന്ന നിയമങ്ങളും ഭേദഗതികളുമെല്ലാം സുപ്രീംകോടതിക്ക് അസാധുവാക്കാമെന്ന് ഭൂരിപക്ഷ വിധിയില്‍ കോടതി വിധിയെഴുതി.

1973 ഏപ്രില്‍ 24-നാണ് ചീഫ് ജസ്റ്റിസ് എസ്.എം. സിക്രി അധ്യക്ഷനായ ഭരണഘടനാബെഞ്ച് വിധി പറഞ്ഞത്. തൊട്ടടുത്തദിവസം അദ്ദേഹം വിരമിച്ചു. കീഴ്വഴക്കമനുസരിച്ച് മുതിര്‍ന്ന ജഡ്ജിയാണ് ചീഫ് ജസ്റ്റിസാവുക. അക്കാര്യം സര്‍ക്കാര്‍ നേരത്തേ പരസ്യമാക്കുകയും ചെയ്യും. എന്നാല്‍, സിക്രിക്കുശേഷം ആരെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തേ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. കേശവാനന്ദ ഭാരതി കേസില്‍ ന്യൂനപക്ഷ വിധിയെഴുതിയ ജസ്റ്റിസ് എ.എന്‍. റേയെ ചീഫ് ജസ്റ്റിസാക്കി തൊട്ടടുത്തദിവസം നിയമിക്കുകയു ചെയ്തു.