ലഖ്‌നൗ: ലഖിംപുര്‍ ഖേരി സംഭവത്തില്‍ കര്‍ഷകസമരത്തെക്കുറിച്ച് പരാമര്‍ശിക്കാതെ പോലീസിന്റെ രണ്ടാം എഫ്‌ഐആര്‍. സമരം ചെയ്യുന്ന കര്‍ഷകരില്‍ ചിലര്‍ ബിജെപി പ്രവര്‍ത്തകരെ കര്‍ഷകര്‍ ആക്രമിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ കര്‍ഷകരുടെ മരണത്തെക്കുറിച്ചോ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര കാറിലുണ്ടായിരുന്ന കാര്യത്തെക്കുറിച്ചോ എഫ്‌ഐആറില്‍ പരാമര്‍ശമില്ല. 

കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ കാര്യം പരാമര്‍ശിക്കുന്നില്ല. അജ്ഞാതനായ അക്രമിക്കെതിരേ മാത്രമാണ് പരാമര്‍ശം. ഇയാള്‍ക്കെതിരേ സെക്ഷന്‍ 302 (കൊലപാതകം), 324 (ആയുധമുപയോഗിച്ചുള്ള മുറിവേല്‍പ്പിക്കല്‍) തുടങ്ങിയ വകുപ്പുകളുപയോഗിച്ച് കേസെടുത്തിട്ടുണ്ട്. ആദ്യ എഫ്.ഐ.ആറില്‍ ആശിഷ് മിശ്രയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്.  

സുമിത് ജസ്‌വാള്‍ എന്ന ബിജെപി പ്രവര്‍ത്തകന്റെ പരാതിയിലാണ് രണ്ടാം എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകരുടെ കൂട്ടത്തിലുണ്ടായിരുന്നയാളാണ് സുമിത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ സ്വാഗതം ചെയ്യാനായി പോവുകയായിരുന്നുവെന്നാണ് സുമിതിന്റെ പരാതിയില്‍ പറയുന്നത്. 

ഒക്ടോബര്‍ നാലിന് തികോണിയ പോലീസ് സ്‌റ്റേഷനില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ കര്‍ഷകരുടെ കൊലപാതകത്തില്‍ ആരോപണവിധേയനായ ആശിഷ് മിശ്രയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിന് ബന്‍ബിര്‍പുരില്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വരുന്നതറിഞ്ഞ് ലഖിംപുരില്‍ പ്രതിഷേധിക്കാനിരുന്ന കര്‍ഷകര്‍ക്കിടയിലേക്കാണ് വാഹനമിടിച്ചു കയറ്റിയത്. നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. 

Content Highlights: Second FIR says protesters attacked BJP workers, no mention of farmers killing