ന്യൂഡൽഹി: നിർമിതബുദ്ധി ഉപയോഗിച്ച് ശാസ്ത്രജ്ഞർ കൊറോണ വൈറസിൻറെ ജനിതകഘടന കണ്ടെത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു. ഇതുപയോഗിച്ച് 29 വ്യത്യസ്ത ഡി.എൻ.എ. ഘടകങ്ങളുടെ അടിസ്ഥാന ജനിതകഘടന നിർണയിച്ചതായി കാനഡ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വംശജനുൾപ്പെട്ട ശാസ്ത്രസംഘം അറിയിച്ചു.

പുതിയ ‘ടൂൾ’ ഉപയോഗിച്ച് കോവിഡ് ബാധയ്ക്കുകാരണമായ സാർസ്-സി.ഒ.വി-2 വൈറസിനെ ഏതാനും മിനിറ്റുകൊണ്ടു തരംതിരിക്കാൻ സാധിക്കും. ഇത് കോവിഡ് 19-നെതിരേയുള്ള വാക്സിൻ കണ്ടെത്തുന്നതിൽ നിർണായകമാകുമെന്നാണു വിലയിരുത്തൽ. ‘പ്ലോസ് വൺ’ (PLOS ONE) ജേണലിലാണ് ഗവേഷണവിവരം പ്രസിദ്ധീകരിച്ചത്. വവ്വാലുകളിൽ കണ്ടെത്തിയ സാർബികോ വൈറസിൽനിന്നാണ് കോവിഡ് ഉണ്ടാക്കുന്ന സാർസ്-സി.ഒ.വി-2 വൈറസ് രൂപാന്തരപ്പെട്ടതെന്ന ശാസ്ത്രീയാനുമാനത്തെ പുതിയ രീതിയുപയോഗിച്ചുള്ള കണ്ടെത്തൽ അനുകൂലിക്കുന്നു.

അതിവേഗവും കണിശതയുമുള്ള ജനിതകഘടനാ നിർണയരീതി ഗ്രാഫിക്സിൻറെയും പ്രത്യേക സോഫ്റ്റ്‌വേറിൻറെയും സഹായത്തോടെയാണ് തയ്യാറാക്കിയത്. ഇതുപയോഗിച്ച് നൂറുശതമാനം കൃത്യതയോടെ കൊറോണ വൈറസിൻറെ ജനിതകഘടന വിലയിരുത്താനാകും. മാത്രമല്ല, അയ്യായിരത്തിലധികം വൈറസുകളുടെ ജനിതകഘടനകൾ തമ്മിലുള്ള ഏറ്റവും പ്രസക്തമായ ബന്ധം നിമിഷങ്ങൾക്കകം നിർണയിക്കാനുമാവും.

‘‘നിർമിതബുദ്ധി ഉപയോഗിച്ച് കൊറോണ വൈറസിൻറെ ജനിതകഘടന കണ്ടെത്തിയെന്നതും അതുപയോഗിച്ച് മറ്റ് വൈറസുകളുമായുള്ള സൂക്ഷ്മമായ താരതമ്യം മിനിറ്റുകൾക്കുള്ളിൽ സാധിക്കുമെന്നതുമാണ് പുതിയ രീതിയുടെ പ്രസക്തി. ഇത്‌ കൊറോണ വൈറസിനെതിരേയുള്ള വാക്സിൻ കണ്ടെത്തുന്നതിൽ അടിസ്ഥാന ഉപകരണമാകുമെന്നാണ്‌ പ്രതീക്ഷ’’ -ഗവേഷകസംഘാംഗമായ പ്രൊഫ. കാത്തലീൻ ഹിൽ പറഞ്ഞു. ഇന്ത്യൻ വംശജനായ ഗുർജിത് രൺധവയും സംഘത്തിലുണ്ട്.

Content Highlight: Scientists use artificial intelligence to crack coronavirus genome signature