പട്‌ന: അഞ്ചാം ക്ലാസ്സുകാരിയെ രണ്ടുമാസത്തോളം തുടർച്ചയായി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സ്വകാര്യസ്കൂൾ പ്രിൻസിപ്പലിന് ബിഹാറിലെ കോടതി വധശിക്ഷ വിധിച്ചു. ബലാത്സംഗത്തിനു കൂട്ടുനിന്ന അധ്യാപകനെ ജീവപര്യന്തം കഠിനതടവിനും ശിക്ഷിച്ചു.

പട്‌നയിലെ പ്രത്യേക പോക്സോ കോടതി ജഡ്‌ജി അവധേഷ് കുമാറാണ് പ്രിൻസിപ്പൽ അരവിന്ദ് കുമാറിന് (31) വധശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്. പെൺകുട്ടി പഠിച്ചിരുന്ന ഫുൽവാരി ഷരീഫ് മിത്രമണ്ഡൽ കോളനി ന്യൂ സെൻട്രൽ പബ്ലിക് സ്കൂളിന്റെ ഉടമകൂടിയാണ് അരവിന്ദ്. ഇതേ സ്കൂളിലെ അധ്യാപകനാണ് അഭിഷേക് കുമാർ (29). ഇയാൾക്ക് ജീവപര്യന്തം കഠിനതടവിനൊപ്പം അരലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക പെൺകുട്ടിക്കു കൈമാറും. ഈ തുക കൂടാതെ കുട്ടിക്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകണമെന്നും കോടതി വിധിച്ചു.

2018 ജൂലായ്ക്കും ഓഗസ്റ്റിനുമിടയിലാണ് പതിനൊന്നു വയസ്സുള്ള പെൺകുട്ടിയെ അരവിന്ദ് ബലാത്സംഗം ചെയ്തത്. വധശിക്ഷയിൽ കുറഞ്ഞ ഒരുശിക്ഷയും ഈ കുറ്റത്തിനു വിധിക്കാനാവില്ലെന്ന് വിധിയിൽ കോടതി പറഞ്ഞു.

കുട്ടിക്ക് ഛർദി തുടങ്ങിയപ്പോൾ കൂലിവേലക്കാരനായ അച്ഛനും അമ്മയും ഡോക്ടറുടെ അടുത്തുകൊണ്ടുപോയി. ഡോക്ടറുടെ പരിശോധനയിലാണ് ഗർഭിണിയാണെന്നറിഞ്ഞതും ബലാത്സംഗ വിവരം വെളിപ്പെട്ടതും. കുട്ടി പറഞ്ഞതുവെച്ച് 2018 സെപ്റ്റംബർ 19-ന് അരവിന്ദിനും അഭിഷേകിനുമെതിരേ മാതാപിതാക്കൾ പട്‌നയിലെ വനിതാ പോലീസ് സ്റ്റേഷനിൽ പരാതികൊടുത്തു. രണ്ടുപേരും അറസ്റ്റിലായി.

നോട്ടുബുക്ക് പ്രിൻസിപ്പൽ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം തിരക്കിയെന്നും പറഞ്ഞാണ് അഭിഷേക് പെൺകുട്ടിയെ ആദ്യം അരവിന്ദിന്റെ മുറിയിലേക്കയച്ചത്. പിന്നീട് രണ്ടുമാസത്തിനിടെ ആറുതവണയെങ്കിലും കുട്ടിയെ ഇവിടെവെച്ച് ബലാത്സംഗം ചെയ്തു.

കോടതിയുടെ അനുമതിയോടെ കുട്ടിയുടെ ഗർഭം അലസിപ്പിച്ചു. ഭ്രൂണത്തിന്റെ ഡി.എൻ.എ. സാംപിൾ പരിശോധിച്ചപ്പോൾ അരവിന്ദിന്റേതുമായി സാമ്യമുണ്ടെന്നു വ്യക്തമായി. കുട്ടിയുടെ മൊഴിക്കു പുറമേ ഇതും അരവിന്ദിനെതിരേ ശക്തമായ തെളിവായെന്ന് സെ്പഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് ചന്ദ്ര പ്രസാദ് പറഞ്ഞു.